2022 ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

0
45

2022 ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. മെൽബൺ ക്രിക്കറ്റ് മൈതനാത്ത് വെച്ച് നടന്ന് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇംഗ്ലീഷ് ടീം തങ്ങളുടെ രണ്ടാമത്തെ ടി20 കിരീടം സ്വന്തമാക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഇംഗ്ലണ്ടിനെതിരെ 138 റൺസെ വിജയലക്ഷ്യമായി ഉയർത്താൻ സാധിച്ചിരുന്നുള്ളു. ജോസ് ബട്ട്ലറും കൂട്ടരും പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിർത്തി മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്സിന്റെ നിർണായകമായ അർധ സെഞ്ചുറി ഇന്നിങ്സിന്റെ പിൻബലത്തിലാണ് ഇംഗ്ലീഷ് ടീം തങ്ങൾക്കേറ്റ 1992ലെ തോൽവിക്ക് മറുപടി നൽകാനായത്. അതും മെൽബണിൽ വെച്ച് തന്നെ.

1992 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ഇതെ മൈതാനത്ത് വെച്ച് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് കന്നി ക്രിക്കറ്റ് കിരീടം സ്വന്തമാക്കുന്നത്. 92 വീണ്ടും ആവർത്തിക്കുമെന്ന പാകിസ്ഥാന്റെ പ്രതീക്ഷയെ തച്ചുടയ്ക്കുകയായിരുന്നു ജോസ് ബട്ട്ലറും കൂട്ടരും. പാകിസ്ഥാന്റെ ശക്തമായ ബോളിങ് നിരയ്ക്ക് മുമ്പിൽ ഒന്ന് പതറിയെങ്കിലും സൂക്ഷ്മതയോടെ ബാറ്റ് വീശി ഇംഗ്ലണ്ട് കിരീടത്തിലേക്ക് അടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 137 റൺസെടുത്തു. പാക് നായകൻ ബാബർ അസമിന്റെയും ഷാൻ മസൂദിന്റെ ബാറ്റിങ് പ്രകടനത്തിലാണ് പാകിസ്ഥാന്റെ സ്കോർ 130 എങ്കിലുമെത്തിയത്. ഓരോ ഇടവേളകളിലായി പാക് ബാറ്റർമാർ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയതോടെ പാകിസ്ഥാന്റെ സ്കോർ ബോർഡ് 140ന് താഴെ തന്നെ നിന്നു. ശക്തമായ ഇംഗ്ലീഷ് ബോളങ് ആക്രമണത്തിന് മുമ്പിൽ പതറിയ പാകിസ്ഥാൻ ബാറ്റർമാർ ഇന്നിങ്സിൽ ആകെ നേടിയത് രണ്ട് സിക്സറുകൾ മാത്രമാണ്. ഇംഗ്ലണ്ടിനായി സാം കറൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷീദും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. ബെൻ സ്റ്റോക്സാണ് മറ്റൊരു വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലീഷ് ടീമിനെ ആദ്യം തന്നെ പാക് ബോളർമാർ വിറപ്പിച്ചു. മികച്ച ഫോമിലുള്ള അലെക്സ് ഹെയിൽസ് ഒരു റൺസെടുത്തും യുവതാരം ഫിൽ സെയ്ത് പത്ത് റൺസെടുത്തും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. സ്കോർ ബോർഡ് 50 റൺസ് എത്തുന്നതിന് മുമ്പ് ക്യാപ്റ്റൻ ജോസ് ബട്ട്ലറും ഇംഗ്ലീഷ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ ഇംഗ്ലണ്ട് ആകെ സമ്മർദ്ദത്തിലായി. ശേഷമെത്തിയ ബെൻ സ്റ്റോക്സും ഹാരി ബ്രൂക്സും ചേർന്ന് ശ്രദ്ധയോടെ ബാറ്റ് വീശി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചു.

49 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും നേടിയാണ് ബെൻ സ്റ്റോക്സ് അർധ സെഞ്ചുറി സ്വന്തമാക്കിയത്. അതിനിടെ ബ്രൂക്സിനെ പുറത്താക്കി പാകിസ്ഥാൻ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും മോയിൻ അലി സ്റ്റോക്സിന് മികച്ച പിന്തുണ നൽകുയും ചെയ്തു. കൂറ്റൻ അടികൾക്ക് ശ്രമിച്ച് വിക്കറ്റുകൾ തുലയ്ക്കാതെയായിരുന്നു സ്റ്റോക്സിന്റെ നിർണായകമായ ഇന്നിങ്സ്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൌഫ് രണ്ടും ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും മുഹമ്മദ് വസീം ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇംഗ്ലീഷ് താരം സാം കറനായിരുന്നു മത്സരത്തിലെയും ടൂർണമെന്റിലെയും താരം. 296 റൺസെടുത്ത ഇന്ത്യൻ താരം വിരാട് കോലിയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റർ. നാല് അർധ സെഞ്ചുറി അടക്കം 98.66 ശരാശരിയിലൂടെ കോലി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയത്. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയത്. പത്ത് റൺസ് മാത്രം വിട്ടുകൊടുത്ത കറന്റെ അഞ്ച് വിക്കറ്റുകൾ നേട്ടമാണ് ലോകകപ്പിലെ ഏറ്റവും മികച്ച് ബോളിങ് പ്രകടനം