ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു

0
120

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയിൽ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനെ തുടർന്ന് നിരവധി പേർ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങുകയും ചെയ്‌തു. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡൽഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച പുലർച്ചെ 1.57ഓടെയും ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്നാണ് ഡൽഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്.

അഞ്ച് ഭൂകമ്പ മേഖലകളിൽ, ഡൽഹി ഏറ്റവും ഉയർന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാൽ ഡൽഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂർവമാണ്. മധ്യേഷ്യയിലോ ഹിമാലയൻ പർവതങ്ങളിലോ ഉള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചലനങ്ങൾ ഡൽഹിയിലും അനുഭവപ്പെടും.