ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ ഫൈനലിലെത്തി. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യ-പാകിസ്താൻ കലാശപ്പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി.
അതേസമയം ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമിക്ക് മുമ്പ് ഇംഗ്ലണ്ട് പേസറായ മാര്‍ക്ക് വുഡിനെ പരുക്കിനെ തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ക്രിസ് ജോര്‍ദാന്‍ പകരക്കാരനായി വരുമെന്നും ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.