പടിക്കല്‍ കടമുടച്ചു: ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

0
39

ടി20 ലോകകപ്പ് (T20 World Cup) സെമി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ (India) ഇംഗ്ലണ്ടിന് (England) തകർപ്പൻ ജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവു പുലർത്തിയ ഇംഗ്ലണ്ട് ടീം 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ട് പാകിസ്താനെ (Pakistan) നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിന്റെ ആദ്യ പകുതിയിൽ റൺറേറ്റ് ഉയർത്താനായില്ല. ഓപ്പണർമാരായ കെ.എൽ രാഹുലും (5) രോഹിത് ശർമ്മയും (27) വീണ്ടും നിരാശപ്പെടുത്തി. മൂന്നാമനായെത്തിയ കോഹ്ലി അർദ്ധ സെഞ്ച്വറി നേടി. 40 പന്തുകൾ നേരിട്ട കോഹ്ലി 50 റൺസുമായാണ് മടങ്ങിയത്.

15 റൺസുമായി സൂര്യകുമാർ യാദവ് മടങ്ങിയതോടെ കൂറ്റൻ സ്‌കോർ എന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച നിലയിലായിരുന്നു. എന്നാൽ, ഉത്തരവാദിത്വം ഏറ്റെടുത്ത് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഹാർദ്ദിക് പാണ്ഡ്യ 33 പന്തിൽ 63 റൺസ് നേടി. 4 ബൗണ്ടറികളും 5 സിക്‌സറുകളും പറത്തിയ പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ (168/6) സമ്മാനിച്ചത്.

169 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഓപ്പണർമാർ ആദ്യ ഓവറിൽ തന്നെ നിലപാട് വ്യക്തമാക്കി. ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. പവർ പ്ലേ അവസാനിച്ചപ്പോഴേയ്ക്കും ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടി ലഭിച്ചിരുന്നു.

നായകൻ ജോസ് ബട്‌ലർ 49 പന്തിൽ 80 റൺസും അലക്‌സ് ഹെയ്ൽസ് 47 പന്തിൽ 86 റൺസും നേടി പുറത്താകാതെ നിന്നു. 13 ബൗണ്ടറികളും 10 സിക്‌സറുകളുമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.

രോഹിത് ശർമ്മ 6 ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും ഒരിക്കൽ പോലും ഇംഗ്ലണ്ട് ഓപ്പണർമാർക്ക് വെല്ലുവിളി ഉയർത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലീഷ് പട അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.