കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെപിസിസി പ്രസിഡന്റിന്റെ പ്രസ്‌താവന പൊതുജനം വിലയിരുത്തട്ടെ. സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെ. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു.
കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. സിപിഐഎം ആർഎസ്എസിനെ ആക്രമിച്ചുവെന്ന് പറയുന്നത് ആർഎസ്എസിനെ വെള്ളപൂശാൻ. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്.
കണ്ണൂരിനെ ദത്തെടുത്ത് സിപിഐഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതിൽ പൂർണ്ണ പിന്തുണയാണ് സിപിഐഎം നൽകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.