Saturday
20 December 2025
22.8 C
Kerala
HomeSportsഐപിഎൽ താരലേലം കൊച്ചിയിൽ; കേരളത്തിൽ നടക്കുന്നത് ഇതാദ്യം

ഐപിഎൽ താരലേലം കൊച്ചിയിൽ; കേരളത്തിൽ നടക്കുന്നത് ഇതാദ്യം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിന് മുന്നോടിയായിട്ടുള്ള താരലേലം ഇത്തവണ കൊച്ചിയിൽ വെച്ച് നടക്കും. ഡിസംബർ 23ന് കൊച്ചി ഐപിഎൽ താരലേലത്തിന് വേദിയാകുമെന്ന് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ തങ്ങളുടെ ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. വാർത്ത ഏജൻസിയായി പിടിഐയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഐപിഎൽ താരലേലം നടക്കുന്നത് ഇത് ആദ്യമായിട്ടാണ്. ലേലം സംഘടിപ്പിക്കാൻ വിദേശത്തുൾപ്പെടെ സ്ഥലങ്ങളുടെ പട്ടിക സംഘാടക സമിതി ബിസിസിഐക്ക് സമർപ്പിച്ചിരുന്നു. തുടർന്നാണ് ബിസിസിഐ കൊച്ചിയിൽ വെച്ച് താരലേലം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ മിനി ലേലമാണ് നടക്കുക.

അതേസമയം അടുത്ത സീസണിലേക്ക് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15ന് അവസാനിക്കും. എല്ലാ ഫ്രാഞ്ചൈസികൾക്കും അധികം അഞ്ച് കോടി രൂപ ഇത്തവണ ചിലവാക്കാൻ ഐപിഎൽ അനുവദിക്കുന്നതാണ്. കൂടാതെ മെഗ താരലേലത്തിൽ ബാക്കി വന്ന തുകയും ടീമുകൾക്ക് ഐപിഎൽ താരലേലം 2023ൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ആകെ ഒരു ടീമിന്റെ പഴ്സിൽ കാണുക 95 കോടി രൂപയായിരിക്കും ഉണ്ടാകുക.

കഴിഞ്ഞ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ബാക്കി വെച്ചത് പഞ്ചാബ് കിങ്സാണ്. 3.45 കോടി രൂപയാണ് പഞ്ചാബ് മെഗതാരലേലത്തിൽ ബാക്കി വെച്ചത്. ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് തങ്ങളുടെ പഴ്സ് കാലിയാക്കുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് ബാക്കി വച്ചത് 2.95 കോടിയാണ് . പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55കോടി), രാജസ്ഥാൻ റോയൽസ് (0.95കോടി), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (0.45കോടി), ഗുജറാത്ത് ടൈറ്റൻസ് (0.15കോടി), മുംബൈ ഇന്ത്യൻസ് (0.10കോടി), സൺറൈസേഴ്സ് ഹൈദരാബാദ് (0.10കോടി), ഡൽഹി ക്യാപിറ്റൽസ് (0.10കോടി) എന്നിങ്ങിനെയാണ് പണം ബാക്കിയുള്ളവരുടെ പട്ടിക.

ഐപിഎൽ 2023 സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക് ബസ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ കോവിഡ് 19ന് മുമ്പുള്ള ഹോം എവെ മാച്ച് എന്നീ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് മുൻ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ടീമുകളെ അറിയിച്ചിരുന്നുയെന്ന് ക്രിക്കറ്റ് മാധ്യമം തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments