മകൻ്റെ രോഗം മാറാൻ അമ്മ മകളെ കൊലപ്പെടുത്തി

0
53

മാനസികാസ്വാസ്ഥ്യമുള്ള അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഏഴുവയസ്സുള്ള തന്റെ ഇളയ കുട്ടിയെയാണ് യുവതി ആദ്യം ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടി രക്ഷപ്പെട്ട് വീടിന് പുറത്തേക്ക് ഓടി. ഇതേ തുടർന്നാണ് 13 കാരി മകളെ പിടികൂടി ആക്രമിക്കുന്നത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ആന്റ പട്ടണത്തിലാണ് സംഭവം.

തന്റെ സഹോദരിയെ അമ്മ കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നാണ് ഇളയ കുട്ടിയുടെ മൊഴി. പിന്നീട് വീടിന്റെ വരാന്തയിൽവച്ച് തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹൃദ്രോഗം ബാധിച്ച മൂത്തമകനോട് സ്ത്രീക്ക് വലിയ ഇഷ്ടമായിരുന്നു. മക്കളിൽ ഒരാളെ കൊന്നാൽ 16 കാരൻ സുഖം പ്രാപിക്കുമെന്ന് യുവതി വിശ്വസിച്ചിരുന്നു. ഇതാണ് പെൺകുട്ടിയെ ആക്രമിക്കാൻ പ്രേരിപ്പിച്ചത്.

മുൻപും സമാനമായ രീതിയിൽ യുവതി ഭർത്താവിനെ ആക്രമിച്ചിരുന്നു. എന്നാൽ കുട്ടിയുടെ രോഗം ഭേദമാക്കാൻ അവനെ കൊല്ലുകയായിരുന്നു അവളുടെ ഉദ്ദേശ്യമെന്ന് വീട്ടുകാർക്ക് മനസ്സിലായില്ല. ഓട്ടോറിക്ഷാ ഡ്രൈവറായ ഇവരുടെ ഭർത്താവ് സംഭവസമയത്ത് ജോലിക്ക് പോയതായിരുന്നു. ഇളയ കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും വാതിൽ പൂട്ടിയതിനാൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

വാതിൽ ചവിട്ടിത്തുറന്ന് ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സമയം ഏറെ വൈകി. കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്റ പൊലീസാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.