നമീബിയയില്‍ നിന്ന് കൊണ്ടുവന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ (kuno national park) പാര്‍പ്പിച്ചിരിക്കുന്ന ചീറ്റപ്പുലികള്‍ (cheetahs) ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി വേട്ടയാടി ഇരയെ കണ്ടെത്തി. പ്രത്യേക ക്വാറന്റൈന് ശേഷം രണ്ട് ആണ്‍ ചീറ്റകളെ സംരക്ഷിത മേഖലയില്‍ തുറന്നുവിട്ട് 24 മണിക്കൂറിനുള്ളിലാണ് പുള്ളിമാനിനെ വേട്ടയാടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) വിവരം ട്വിറ്ററില്‍ പങ്കുവെച്ചു. സെപ്തംബര്‍ 17 ന് നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളുടെ ആദ്യ ഇരയാണിത്. ഇപ്പോള്‍ ചീറ്റകള്‍ സ്വയം വേട്ടയാടി ഭക്ഷണം നേടുമെന്നും എന്നാല്‍ ആവശ്യമെങ്കില്‍ പുറത്തുനിന്നും ഭക്ഷണം നല്‍കുമെന്നും പിസിസിഎഫ് ജസ്വിര്‍ സിംഗ് ചൗഹാന്‍ ആജ് തക്കിനോട് പറഞ്ഞു.
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് നമീബിയയില്‍ നിന്നും എട്ട് ചീറ്റകളെ എത്തിച്ചത്. ഇന്ത്യയിലെത്തിച്ച് 51 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. ഇന്ത്യന്‍ സാഹചര്യവുമായി ചീറ്റകള്‍ ഇണങ്ങിയതിന്റെ അടയാളമാണ് വേട്ടയാടല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. തുറന്ന വനത്തില്‍ ഉത്സാഹത്തോടെയാണ് രണ്ട് ചീറ്റകളും സഞ്ചരിച്ചത്. ചീറ്റകളെ കണ്ടതും മാന്‍ അതിവേഗം ഓടി. ചീറ്റകള്‍ തങ്ങളുടെ ആദ്യ ശ്രമത്തില്‍ തന്നെ മാനിനെ വേട്ടയായി പിടിച്ചു.
വലിയ സിസിടിവി ക്യാമറകളിലൂടെയും ഡ്രോണ്‍ ക്യാമറകളിലൂടെയും വിദഗ്ധര്‍ ഈ ചീറ്റകളെ നിരീക്ഷിച്ചു വരികയായിരുന്നു. രണ്ട് ചീറ്റകളുടെയും പെരുമാറ്റം മികച്ചതായി കാണപ്പെട്ടുവെന്നും ആഫ്രിക്കന്‍ ചീറ്റകള്‍ കുനോ കാടിനോട് ഇണങ്ങി ചേര്‍ന്നെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചീറ്റകള്‍ വേട്ടയാടിയ പുള്ളിമാനുകള്‍ ആഫ്രിക്കയില്‍ ഇല്ലാത്ത വര്‍ഗമാണ്. ആദ്യമായാണ് ചീറ്റകള്‍ ഇത്തരം പുള്ളിമാനുകളെ കാണുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ചീറ്റകള്‍ അധിവസിക്കുന്ന പ്രത്യേക ഇടത്ത് ഇരകളായ മൃഗങ്ങളെയും തുറന്നുവിടുകയായിരുന്നു. നവംബര്‍ അഞ്ചിന് ചീറ്റകളെ തുറന്നിവിട്ടയുടനെ ഒരുമാനിനെ വേട്ടയാടാന്‍ ശ്രമിച്ചു. എന്നാല്‍, ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇവര്‍ വിജയിച്ചു. ഇന്ത്യന്‍ സാഹചര്യവുമായി ചീറ്റകള്‍ ഇണങ്ങി എന്നതിന്റെ തെളിവാണ് വേട്ടയാടല്‍- മധ്യപ്രദേശ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ.എസ്. ചൗഹാന്‍ പറഞ്ഞു.
ഒരുമാസത്തെ ക്വാറന്റൈന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. ക്വാറന്റൈന്‍ കാലയളവില്‍ പോത്തിറച്ചിയായിരുന്നു ഭക്ഷണമായി നല്‍കിയത്. അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് കൊണ്ടുവന്നത്. വരും ദിവസങ്ങളില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് മറ്റ് ചീറ്റകളെയും തുറന്നുവിടും.
മധ്യപ്രദേശിലെ ഷിയോപൂരില്‍ സ്ഥിതി ചെയ്യുന്ന കുനോ നാഷണല്‍ പാര്‍ക്കില്‍ സ്ഥിരതാമസമാക്കിയ എട്ട് നമീബിയന്‍ ചീറ്റകള്‍ക്ക് ഉടന്‍ പുതിയ പേരുകള്‍ നല്‍കും. ചീറ്റകള്‍ക്ക് പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ മത്സരം നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള ആളുകള്‍ 11,000-ത്തിലധികം പേരുകളാണ് ഇതിനോടകം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ചീറ്റപ്പുലി പദ്ധതിക്കായി ഓണ്‍ലൈനില്‍ 18,000-ത്തിലധികം പേരുകള്‍ ആളുകള്‍ നിര്‍ദ്ദേശിച്ചു.