ജമ്മുകശ്മീരിൽ അൽ ഖ്വയ്ദ അംഗമെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമബംഗാൾ സ്വദേശിയായ അമീറുദ്ദീൻ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഭീകര സംഘടനയായ അൽ ഖ്വായ്ദയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി ജമ്മു പോലീസ് അറിയിച്ചു. ജമ്മുകശ്മീരിലെ റംബാൻ ജില്ലയിൽ വെച്ചാണ് അമീറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പശ്ചിമ ബംഗാളിലെ മഷിത ഹൗറയിലാണ് അമീറുദ്ദീൻ ഖാൻ താമസിക്കുന്നത്. ഇയാളിൽ നിന്ന് ചൈനീസ് ഗ്രനേഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. 7/25 ഇന്ത്യൻ ആയുധ നിയമം, സെക്ഷൻ 4 സ്ഫോടനാത്മക നിയമം, 13, 20 യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഒരു ദിവസം മുമ്പ്, പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഒരു ഭീകരനെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തിരുന്നു. റിക്രൂട്ട്മെന്റിലും വ്യാജ ഇന്ത്യൻ ഐഡി കാർഡുകൾ തയ്യാറാക്കുന്നതിലും മറ്റും സഹായിച്ചുകൊണ്ട് തീവ്രവാദ സംഘടനയ്ക്ക് ലോജിസ്റ്റിക് പിന്തുണ നൽകിയിരുന്ന പ്രതി മോനിറുദ്ദീൻ ഖാനെയാണ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.