കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സുപ്രിയ ശ്രീനേറ്റ്, ജയറാം രമേഷ് എന്നിവർക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് കമ്പനിയായ എംആർടി മ്യൂസിക് പകർപ്പവകാശ ലംഘനത്തിന് കേസ് കൊടുത്തു. തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫ് 2 ന്റെ ഹിന്ദി ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാൻ വൻ തുക മുടക്കിയതായി സംഗീത കമ്പനി പരാതിയിൽ പറയുന്നു. കോൺഗ്രസ് അനുവാദം വാങ്ങാതെ സിനിമയിൽ നിന്ന് ഗാനങ്ങൾ എടുക്കുകയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മാർക്കറ്റിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ അവ ഉപയോഗിക്കുകയും ചെയ്തുവെന്ന് എംആർടി മ്യൂസിക് പരാതിയിൽ ആരോപിക്കുന്നു.
മൂന്ന് കോൺഗ്രസ് നേതാക്കൾക്കുമെതിരെ, സെക്ഷൻ 403, 465, 120 എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. IPC യുടെ 34 (പൊതു ഉദ്ദേശ്യം), 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ സെക്ഷൻ 66, 1957-ലെ പകർപ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.
https://twitter.com/INCIndia/status/1579838167217188865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1579838167217188865%7Ctwgr%5E370658f05475ef2bdbd7a07374015704025d2421%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.indiatoday.in%2Fnational%2Fstory%2Fcase-against-congress-leaders-rahul-gandhi-copyright-infringement-466807-2022-11-04
എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥതയിലുള്ള പാട്ടിന്റെ പകർപ്പവകാശം ലംഘിച്ചതിന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് മ്യൂസിക് പ്ലാറ്റ്ഫോമിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നരസിംഹൻ സമ്പത്ത് പറഞ്ഞു.
‘എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥതയിലുള്ള പാട്ടിന്റെ പകർപ്പവകാശം ലംഘിച്ച സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെ നിയമവിരുദ്ധമവും വഞ്ചനാപരവുമായ നടപടികളാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പാട്ടുകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് സമന്വയിപ്പിച്ചുകൊണ്ട് ഐഎൻസി ഒരു വീഡിയോ നിർമ്മിച്ചു. KGF – 2 ഹിന്ദിയിലെ പാട്ടാണത്. വീഡിയോയിൽ ‘ഭാരത് ജോഡോ യാത്ര’ എന്ന ലോഗോയും ഉപയോഗിച്ചിട്ടുണ്ട്, അത് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.’- സമ്പത്ത് പറഞ്ഞു.
‘നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണിത്. സാധാരണക്കാരുടേയും ബിസിനസ്സുകാരുടേയും അവകാശങ്ങൾക്കു നേരെയുള്ള നഗ്‌നമായ അവകാശലംഘനത്തെയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നത്.”- എംആർടി മ്യൂസിക്ക് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
നിയമപരമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി മാത്രമാണ് കേസ് നൽകിയതെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എംആർടി മ്യൂസിക്ക് വ്യക്തമാക്കി.