ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍

0
61

തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍. ക്രൈംബ്രാഞ്ച് സംഘം സീല്‍ ചെയ്ത കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീടിന്റെ പൂട്ടാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വീടിനകത്തേക്ക് അജ്ഞാതര്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്‌നാട് -കേരള പോലീസ് സേനകള്‍ സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. ഗ്രീഷ്മയുമായി രാമവര്‍മന്‍ചിറയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിലടക്കം ശനിയാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് പോലീസ് സീല്‍ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്.

അതേസമയം, ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. 7 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. 7 ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.

മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു ഇതിന് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അമ്മയും അമ്മാവനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. അഞ്ചു ദിവസത്തേക്കാണ് ഇവരുടെ കസ്റ്റഡി കാലാവധി. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

തെളിവില്ലാത്ത കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇല്ലാത്ത തെളിവുകള്‍ കെട്ടിച്ചമയ്ക്കാനാണ് ഏഴ് ദിവസത്തെ കസ്റ്റഡിയെന്നും ഗ്രീഷ്മയുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങള്‍ തള്ളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പാറശ്ശാല പോലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.