ഉത്തർപ്രദേശിലെ കാൺപൂരിൽ 30കാരനെ ബന്ദിയാക്കിയ ശേഷം ഭിക്ഷാടക സംഘത്തിന് വിറ്റതായി പരാതി. സുരേഷ് മാഞ്ചിയെന്ന യുവാവിനെയാണ് പരിചയക്കാരനായ വിജയ് ബന്ദിയാക്കിയ ശേഷം 70000 രൂപയ്ക്ക് വിറ്റത്. ഇയാളുടെ കണ്ണിൽ പ്രതി രാസവസ്തുക്കൾ ഒഴിച്ച് കാഴ്ച ശക്തി നശിപ്പിക്കുകയും കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്തു. ആറുമാസം മുമ്പായിരുന്നു സംഭവം.
ജോലി അന്വേഷിച്ച് അലഞ്ഞുതിരിയുന്നതിനിടെയാണ് സുരേഷ് മാഞ്ചിയെ പരിചയക്കാരനായ വിജയ് തട്ടിക്കൊണ്ടുപോയത്. യുപിയിലെ ജാക്കർകാട്ടി പാലത്തിനടിയിൽ നിന്നാണ് ഇയാളെ കൊണ്ടുപോയത്. പിന്നാലെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൈകാലുകൾ ഒടിക്കുകയായിരുന്നു. പ്രതി സുരേഷിനെതിരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് സുരേഷിനെ ഡൽഹിയിലെ ഭിക്ഷാടന സംഘത്തിന്റെ തലവനായ രാജിന് 70,000 രൂപയ്ക്ക് വിറ്റു. അവിടെ വെച്ച് മർദനത്തെ തുടർന്ന് മാഞ്ചിയുടെ ആരോഗ്യനില വഷളായതിനാൽ രണ്ട് മാസം മുമ്പ് കാൺപൂരിലേക്ക് വിജയ്യുടെ അടുത്തേക്ക് അയക്കുകയായിരുന്നു.
കാൺപൂർ നഗരത്തിൽ തിരിച്ചെത്തിയ സുരേഷ് വിശപ്പും ദാഹവും സഹിക്കാനാവാതെ ഭിക്ഷാടനത്തിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇതിനിടെ ഇയാൾക്ക് നൗബസ്തയിലെ വീട്ടിൽ എത്താൻ കഴിഞ്ഞതാണ് വഴിത്തിരിവായത്. കിദ്വായിനഗറിൽ വെച്ച ഒരു വഴിയാത്രക്കാരന്റെ സഹായത്തോടെ സഹോദരന്മാരായ രമേശിനെയും പ്രവേഷിനെയും സുരേഷ് കണ്ടുമുട്ടുകയായിരുന്നു.
സംഭവം അറിഞ്ഞ റീജിയണൽ കൗൺസിലർ പ്രശാന്ത് ശുക്ല നൗബസ്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ സുരേഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതാണെന്ന് പ്രാദേശിക കൗൺസിലർ പറഞ്ഞു.
ഒരു പ്രാദേശിക എംഎൽഎയാണ് ഇയാൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം നൽകിയതെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും എസിപി വികാസ് പാണ്ഡെ പറഞ്ഞു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സൗത്ത് ഡിസിപി പ്രമോദ് കുമാർ പറഞ്ഞു. അന്വേഷണത്തിനായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.