Thursday
1 January 2026
23.8 C
Kerala
HomeIndiaകോയമ്പത്തൂരിലെ സ്ഫോടനം ചാവേർ ആക്രമണം തന്നെ;

കോയമ്പത്തൂരിലെ സ്ഫോടനം ചാവേർ ആക്രമണം തന്നെ;

കാർ ബോബ് സ്ഫോടനം ചാവേർ ആക്രമണമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. ആക്രമണം നടത്താൻ സംഘം വിപുലമായ പദ്ധതി തയ്യാറാക്കിയിരുന്നു. പക്ഷേ ബോബാക്രമണത്തിന് സാങ്കേതിക പരിശീലനം കിട്ടാത്തതുകൊണ്ട് ഉദ്ദേശിച്ചത്ര ഉഗ്ര സ്ഫോടനം നടത്താനായില്ല. ആക്രമണ സാധ്യത തേടി കോയമ്പത്തൂരിലെ മൂന്ന് ക്ഷേത്രപരിസരങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും കസ്റ്റഡിയിലുള്ളവർ അന്വേഷണസംഘത്തിന് മൊഴി നൽകി.

ആക്രമണം നടന്ന സംഗമേശ്വർ ക്ഷേത്രം, മുണ്ടി വിനായകർ ക്ഷേത്രം, കോന്നിയമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു നിരീക്ഷണം നടത്തിയത്. ജമേഷ മുബീനെ കൂടാതെ മുഹമ്മദ് അസ്ഹറുദ്ദീൻ, അസ്ഹർ ഖാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആക്രമണത്തിനായി എൽപിജി സിലിണ്ടറുകൾ വാങ്ങിയത് ഗാന്ധി പാർക്കിലെ ഏജൻസിയിൽ നിന്നാണ്. ലോറി പേട്ടയിലെ പഴയ മാർക്കറ്റിലുള്ള കടയിൽ നിന്ന് മുള്ളാണികളും സ്ഫോടകവസ്തുക്കളും മറ്റും നിറയ്ക്കാൻ മൂന്ന് സ്റ്റീൽ പാത്രങ്ങൾ വാങ്ങി. വലിയ സ്ഫോടനവും വ്യാപക നാശവും ഉണ്ടാകുമെന്നായിരുന്നു സംഘത്തിന്‍റെ കണക്കുകൂട്ടൽ.

മുബീന് കാർ ബോംബ് ആക്രമണത്തിനുള്ള പരിശീലനം കിട്ടിയിരുന്നില്ല. സംഗമേശ്വര ക്ഷേത്രം ആക്രമിക്കാനുള്ളത് ജമേഷ മുബീന്‍റെ ഒറ്റയാൻ തീരുമാനമായിരുന്നു. എന്നാൽ ഉദ്ദേശിച്ചത്ര ഉഗ്ര സ്ഫോടനം നടത്താൻ അയാൾക്ക് കഴിഞ്ഞില്ല. ഈ മൊഴികളിൽ പറഞ്ഞ സ്ഥലങ്ങളിൽ നിന്നെല്ലാമുള്ള സിസിടിവി ദൃശ്യങ്ങളും അനുബന്ധ തെളിവുകളും ശേഖരിക്കുക എന്നതാണ് അന്വേഷണത്തിന്‍റെ അടുത്ത പടി. കൂടുതൽ പേർ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഫോറൻസിക്, സൈബർ ഫോറൻസിക് പരിശോധനാഫലങ്ങൾ വരുന്ന മുറയ്ക്ക് കൂടുതൽ പേരിലേക്കും സംഘങ്ങളിലേക്കും അന്വേഷണം നീളും.

RELATED ARTICLES

Most Popular

Recent Comments