എന്താണ് ഡിജിലോക്കർ? അറിയാം ഡിജിലോക്കറിന്റെ സവിശേഷതകൾ

0
105

എന്തിനും ഏതിനും ആധാർ കാണിക്കാൻ ആവശ്യപ്പെടുന്നു . ആധാർ കാർഡ് പേഴ്സിൽ കൊണ്ടുനടന്നാൽ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ് . രേഖകൾ എല്ലാം പേപ്പർലെസ് ആയ സ്ഥിതിയ്ക് ആധാർ , ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ഡിജിറ്റൽ കോപ്പി ആധികാരികമായി എങ്ങനെ മൊബൈലിൽ സൂക്ഷിക്കാം . പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോൾ എങ്ങനെ കാട്ടിക്കൊടുക്കാം ? സ്മാർട് ഫോൺ ഉള്ള ആർക്കും ആധാർ കാർഡ് , ഡ്രൈവിങ് ലൈസൻസ് , പരീക്ഷാ മാർക്ക് ഷീറ്റ് തുടങ്ങിയ സുപ്രധാന രേഖകൾ ഇലക്ട്രോണിക് രൂപത്തിൽ സുരക്ഷിതമായി മൊബൈലുകളിൽ സൂക്ഷിക്കാം

എന്തിനും ഏതിനും ആധാർ കാണിക്കാൻ ആവശ്യപ്പെടുന്നു. ആധാർ കാർഡ് പഴ്‌സിൽ കൊണ്ടുനടന്നാൽ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. രേഖകൾ എല്ലാം പേപ്പർലെസ് ആയ സ്ഥിതിയ്ക്ക് ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ഡിജിറ്റൽ കോപ്പി ആധികാരികമായി എങ്ങനെ മൊബൈലിൽ സൂക്ഷിക്കാം. പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോൾ എങ്ങനെ കാട്ടിക്കൊടുക്കാം?

സ്മാർട് ഫോൺ ഉള്ള ആർക്കും ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സിബിഎസ്ഇ മാർക്ക് ഷീറ്റ് തുടങ്ങിയ സുപ്രധാന രേഖകൾ ഇലക്‌ട്രോണിക് രൂപത്തിൽ സുരക്ഷിതമായി മൊബൈലുകളിൽ സൂക്ഷിക്കാം. കടലാസ് രേഖകളായി കൊണ്ടുനടന്ന് നഷ്ടപ്പെടാതെ, ആവശ്യം വരുമ്പോൾ കാണിച്ചുകൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. ഡിജിറ്റൽ രൂപത്തിൽ ഇന്റർനെറ്റിലൂടെ ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ പോലും പ്രിന്റ് എടുത്ത് ഉപയോഗിക്കേണ്ടിവരുന്നതും ഡിജിറ്റൽ ലോക്കർ സൗകര്യത്തിലൂടെ ഒഴിവാക്കാം.

സാധ്യതകളേറെ

സ്വന്തം കമ്പ്യൂട്ടറുകളിൽനിന്നും വേറിട്ട് അകലങ്ങളിൽ സ്ഥിതി ചെയ്യുന്ന സെർവറുകളിൽ ഇലക്‌ട്രോണിക് വിവര ശേഖരങ്ങളായി സർട്ടിഫിക്കറ്റുകളും ലൈസൻസുകളുമൊക്കെ സൂക്ഷിക്കാവുന്ന ഏറ്റവും നൂതന ക്ലൗഡ് കമ്പ്യൂട്ടിങ് ആണ് ഡിജി ലോക്കറിന്റെ അടിസ്ഥാനം. അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ ഡിജിറ്റലായി നൽകുന്ന സുപ്രധാന രേഖകൾ ഇത്തരം ക്ലൗഡ് സെർവറുകളിൽ ഡിജിറ്റൽ ഒപ്പോടു കൂടിയായിരിക്കും സൂക്ഷിച്ചിരിക്കുക.

മൊബൈൽ ഫോൺ, ടാബ്‌ലറ്റുകൾ എന്നിവകളിൽ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്ക് രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം. ഇങ്ങനെ കാണിച്ചുകൊടുക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി സർട്ടിഫിക്കറ്റുകൾ നൽകിയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഒപ്പും പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ട്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പികൾ ആവശ്യപ്പെടുന്നവർക്ക് ആധികാരികത തെളിയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്തു നൽകുകയുമാകാം.

നേരത്തേ കിട്ടിയിട്ടുള്ള കൈവശമിരിക്കുന്ന കടലാസ് രേഖകൾ സ്‌കാൻ ചെയ്ത് സ്വയം ഡിജിറ്റൈസ് ചെയ്യുകയും അവ സ്വന്തം ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറിൽ സൂക്ഷിയ്ക്കാവുന്നതുമാണ്. എല്ലാ കേന്ദ്ര– സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും ഇനിയും പൂർണമായും ഡിജിറ്റൽ രേഖകൾ നൽകിത്തുടങ്ങിയിട്ടില്ല. കേന്ദ്ര റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ വകുപ്പ്, ഇ-ആധാർ, സിബിഎസ്ഇ ബോർഡ് തുടങ്ങിയവയൊക്കെ ഡിജി ലോക്കറിൽ സൂക്ഷിക്കാൻ യുക്തമായ ഡിജിറ്റൽ രേഖകളാണ് നൽകുന്നത്.

 

ലളിതമായ പ്രവർത്തനം

ഡിജി ലോക്കർ ആപ്ലിക്കേഷൻ പ്രവർത്തനം വളരെ ലളിതമാണ്. ഡിജിറ്റലായി രേഖകൾ നൽകുന്ന വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളുടെയും വെബ്‌സൈറ്റിലേയ്ക്ക് ആപ് ഉപയോഗിച്ച് ബന്ധപ്പെടാം. ഇഷ്യൂവേഴ്‌സ് എന്നറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ രേഖകളുടെ നമ്പർ നൽകി അവ നമ്മുടെ ഡിജിറ്റൽ ലോക്കറിലേയ്ക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാം.

ഇപ്രകാരം ഡൗൺലോഡ് ചെയ്‌തെടുത്ത അസൽ ഡിജിറ്റൽ രേഖകൾ പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ സ്മാർട് ഫോണിന്റെ സ്‌ക്രീനിൽ പ്രദർശിപ്പിച്ച് കാട്ടിക്കൊടുക്കാം. സ്വന്തമായി ഡിജിറ്റൈസ് ചെയ്‌തെടുത്ത രേഖകളിൽ സ്വന്തം ഇ-സിഗ്‌നേച്ചർ രേഖപ്പെടുത്തി ഡിജിറ്റലായി തന്നെ മറ്റുള്ളവർക്കു നൽകുന്നതിനു ഷെയർ ചെയ്യാനുള്ള സൗകര്യവും ഡിജി ലോക്കർ ആപ്പിലുണ്ട്.

 

പേപ്പർലെസ്

ആധാറിന്റെ ഡിജിറ്റൽ പതിപ്പായ ഇ-ആധാർ ആക്റ്റിവേറ്റ് ചെയ്താൽ മാത്രമേ ഡിജി ലോക്കർ പൂർണമായും പ്രവർത്തന ക്ഷമമാകുകയുള്ളൂ. ആധാർ റജിസ്‌ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ ഫോൺ നമ്പരിൽ നിന്നും വേണം ഡിജി ലോക്കർ സജ്ജമാക്കാൻ. ലൈസൻസ് തുടങ്ങിയ രേഖകൾക്കു നൽകുന്ന പേര് തുടങ്ങിയ വിവരങ്ങൾ ആധാർ വിവരങ്ങളുമായി ഒത്തുനോക്കിയശേഷം നൽകേണ്ടതാണ്. വ്യക്തികൾക്ക് തങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം കടലാസ് രൂപംവെടിഞ്ഞു നഷ്ടപ്പെടാൻ തീരെ സാധ്യതയില്ലാത്ത രീതിയിൽ പൂർണമായി ആധികാരികത നൽകി ഒരു ഡിജിറ്റൽ ജീവിതം സൃഷ്ടിക്കുന്നതിന് ഡിജി ലോക്കർ സൗകര്യമൊരുക്കുന്നു.

digilocker.gov.in

ഡിജി ലോക്കർ തുടങ്ങുന്നതിനു സഹായിക്കുന്ന വെബ്‌സൈറ്റ് അഡ്രസ്സ് https://digilocker.gov.in/ എന്നാണ്. മൊബൈൽ ഫോണിലേയ്ക്ക് ഡിജി ലോക്കർ ആപ് ഡൗൺലോഡ് ചെയ്‌തോ ഇന്റർനെറ്റിലൂടെ ബ്രൗസർ ഉപയോഗിച്ചോ ഡിജി ലോക്കർ അക്കൗണ്ട് തുടങ്ങാം. രേഖപ്പെടുത്തുന്ന മൊബൈൽ ഫോൺ നമ്പരിലേക്കു ലഭിക്കുന്ന വൺടൈം പാസ്‌വേഡ് ഉപയോഗിച്ച് സ്വന്തം യൂസർ നെയിമും പാസ്‌വേഡും സെറ്റ് ചെയ്താൽ ഡിജിറ്റൽ ലോക്കർ ഉപയോഗിക്കാം. മൊബൈൽ ഫോൺ നമ്പരിൽ ആധാർ ലിങ്ക് ചെയ്താൽ പൂർണ രീതിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലോക്കർ ഫോണിൽ പ്രവർത്തന സജ്ജമാകും