Wednesday
31 December 2025
29.8 C
Kerala
HomeKeralaകുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ

കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ബിജുവിന്റെ രീതി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് വിൽപന നടത്തിയത്. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചി കുത്തിപ്പൊളിച്ചതിന് പിന്നിലും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിലെ നിരന്തരമായി മോഷണങ്ങൾ കാരണം ബഹുജന പ്രക്ഷോഭം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിച്ചു വരികയായിരുന്നു.

പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും ഇയാൾ പ്രതിയാണ്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പൊലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്. പൊലീസ് വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിടുന്നതാണ് രീതി. അതുകൊണ്ടുതന്നെ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുന്നത് വളരെ ദുഷ്കരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭയമായതിനാൽ നാട്ടിൽ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറാൻ തയ്യാറല്ലായിരുന്നു. ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താൽ അവരെ അയാളും വീട്ടുകാരും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ, വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനെ കൂടാതെ തങ്കമണി ഇൻസ്പെക്ടർ അജിത്ത്, എസ്ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, എഎസ്ഐ സുബൈർ എസ് സീനിയർ സിപിഒമാരായ ജോർജ്, ജോബിൻ ജോസ്, സിനോജ് പി ജെ, ടോണി ജോൺ സിപിഒമാരായ ടിനോജ്, അനസ് കബീർ, വി കെ അനീഷ്, സുബിൻ പി എസ്, DVR SCPO ജിമ്മി എന്നിവരാണ് ഉണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments