കെ.എസ്.ആർ.ടി.സി ശബരിമല സ്​പെഷൽ; 300 ബസിൽ ഗ്രൂപ്പ് ബുക്കിങ്​ സംവിധാനം

0
75

ശബരിമല തീർഥാടകർക്കായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ പുറപ്പെടുന്ന 300 കെഎസ്ആർടിസി സ്​പെഷൽ സർവിസിൽ ഗ്രൂപ്പ് ബുക്കിങ്​ സംവിധാനം ഏർപ്പെടുത്തുമെന്ന്​ ഗതാഗത മന്ത്രി ആന്‍റണി രാജു. 40 പേരെങ്കിലും സംഘത്തിൽ ഉണ്ടാവണം. ഗ്രൂപ്പ് ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. നിലക്കലിൽനിന്ന് പമ്പയിലേക്ക് ഒരു മിനിറ്റിൽ ഒരു ബസ് എന്ന നിലയിൽ സർവീസ് നടത്തും.

നിലക്കലിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തിൽ കയറാൻ പ്രത്യേക ക്യൂ സംവിധാനമുണ്ടാകും. 200 ബസ്​ നിലക്കൽ – പമ്പ ചെയിന്‍ സർവീസ് നടത്തും. മകരവിളക്കിന് 1000 ബസ്​ സര്‍വീസ് നടത്തും. സുരക്ഷ കണക്കിലെടുത്ത് ചരക്കുവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും പമ്പയിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തും.

നവംബർ പത്തോടുകൂടി വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ ചേര്‍ന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് അടിയന്തര സഹായം നല്‍കാൻ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റർ റോഡ് മോട്ടോർ വാഹന വകുപ്പിന്‍റെ സേഫ്‌സോൺ പദ്ധതി നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമലയുടെ ബേസ് ക്യാമ്പായ നിലക്കലില്‍ 205 കെഎസ്ആർടിസി ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്​ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്​ അഡ്വ. കെ അനന്തഗോപൻ പറഞ്ഞു.