പണത്തിനായി ‘പെൺകുട്ടികളെ ലേലം’ ചെയ്യുന്നു; രാജസ്ഥാന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

0
73

രാജസ്ഥാനിലെ ചില ജില്ലകളിൽ പെൺകുട്ടികളെ സ്‌റ്റാമ്പ് പേപ്പർ വച്ച് ലേലം ചെയ്യുന്നുവെന്നും ഇത് നിരസിച്ചതിന്റെ ഫലമായി സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കാൻ പെൺകുട്ടികളുടെ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി രാജസ്ഥാൻ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) വ്യാഴാഴ്‌ച നോട്ടീസ് അയച്ചു. ജാതി പഞ്ചായത്തുകളുടെ തീരുമാനങ്ങളാണ് ഇത്തരം കാടത്തരങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

വിഷയവുമായി ബന്ധപ്പെട്ട ഒരു മാധ്യമ റിപ്പോർട്ടിന്മേൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തതായി പ്രസ്‌താവനയിൽ പറഞ്ഞു. രാജസ്ഥാൻ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് ഡയറക്‌ടർ ജനറലും (ഡിജിപി) നാലാഴ്‌ചയ്ക്കകം കമ്മീഷന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “ഏതെങ്കിലും രണ്ട് വിഭാഗങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടുകളും വായ്‌പകളും ഉൾപ്പെടുന്ന തർക്കങ്ങൾ ഉണ്ടാകുമ്പോൾ, എട്ട് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ലേലം ചെയ്യുന്നു” ഒരു മാധ്യമ റിപ്പോർട്ടിനെ ഉദ്ധരിച്ച് കമ്മീഷൻ പറഞ്ഞു.

“ലേലം ചെയ്‌ത ശേഷം ഈ പെൺകുട്ടികളെ യുപി, മധ്യപ്രദേശ്, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും അയക്കുകയും ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരാക്കുന്നുവെന്നും ഒരു മാധ്യമ റിപ്പോർട്ട് പറയുന്നു. ഇത് ശരിയാണെങ്കിൽ, തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്” കമ്മീഷൻ വ്യക്തമാക്കി.

ഈ വിഷയത്തിൽ രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഇതിനകം സ്വീകരിച്ച നടപടികൾ, ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് എന്താണ് എന്നിവ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങൾക്കും അന്തസിനുമുള്ള അവകാശത്തിനും തടസമാകുന്ന ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിനായി ഭരണഘടനാ വ്യവസ്ഥകൾ അല്ലെങ്കിൽ പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് സർക്കാർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെ ഉറപ്പാക്കുന്നുവെന്ന് റിപ്പോർട്ടിൽ അടങ്ങിയിരിക്കണമെന്ന് എൻഎച്ച്ആർസി പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കുന്നത് പരാമർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ രാജസ്ഥാൻ ഡിജിപിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എൻഎച്ച്ആർസി അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ, കുറ്റപത്രം, അറസ്‌റ്റ് എന്നിവ ഉൾപ്പടെയുള്ളവയും, സംസ്ഥാനത്ത് മാംസക്കച്ചവടവുമായി ബന്ധപ്പെട്ട ആസൂത്രിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടാൻ ആരംഭിച്ച സംവിധാനവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

രാജസ്ഥാനിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധിച്ച് മൂന്ന് മാസത്തിനകം ഈ സംഭവത്തെക്കുറിച്ചും, അവിടെ നിലവിലുള്ള രീതികളെക്കുറിച്ചും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ റിപ്പോർട്ടർ ഉമേഷ് ശർമ്മയോട് (സ്വതന്ത്ര മനുഷ്യാവകാശ പ്രവർത്തകൻ) ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഎച്ച്ആർസി അറിയിച്ചു.