കാർ ഡ്രൈവർ മദ്യപിച്ചാൽ എല്ലാ യാത്രക്കാർക്കും പിഴ; ട്രാഫിക് നിയമം കടുപ്പിച്ച് തമിഴ്നാട്

0
91

ഹെൽമെറ്റ് ധരിക്കാത്തതിനടക്കം പിഴത്തുക കുത്തനെ ഉയർത്തിയ വ്യവസ്ഥകളുമായി മോട്ടോർ വാഹനനിയമത്തിൽ വരുത്തിയ ഭേദഗതി തമിഴ്നാട്ടിൽ നിലവിൽവന്നു. ആംബുലൻസ്, അഗ്നിരക്ഷാസേനാ വാഹനങ്ങൾക്ക് വഴി നൽകാത്തവരിൽനിന്നും 10,000 രൂപ ഈടാക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

അനാവശ്യമായി ഹോൺ മുഴക്കിയാൽ 2000 രൂപവരെ പിഴയീടാക്കും. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ നേരത്തെ 100 രൂപയായിരുന്നു പിഴയെങ്കിൽ ഇപ്പോൾ 1000 രൂപയായി ഉയർത്തി. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചാൽ ആദ്യം 1000 രൂപയും കുറ്റം ആവർത്തിച്ചാൽ 10,000 രൂപയും ഈടാക്കും.

ഗുരുതരമായ നിയമലംഘനത്തിന്റെ പേരിൽ ലൈസൻസ് റദ്ദാക്കിയവർ വീണ്ടും വാഹനമോടിച്ചതായി കണ്ടെത്തിയാൽ 10,000 രൂപ പിഴനൽകേണ്ടിവരും. ബൈക്ക് ഓടിക്കുന്നയാൾ മദ്യപിച്ചതായി കണ്ടെത്തിയാൽ പിൻസീറ്റിൽ യാത്ര ചെയ്തിരുന്നവരിൽനിന്നും പിഴ ഈടാക്കും.

ഇതേപോലെ കാർ ഓടിക്കുന്നയാൾ മദ്യപിച്ചതായി കണ്ടെത്തിയാൽ കാറിൽ സഞ്ചരിക്കുന്ന എല്ലാവരും പിഴനൽകേണ്ടിവരും. ബാരിക്കേഡ് നീക്കുക, സിഗ്നൽ പാലിക്കാതിരിക്കുക, ഇൻഷുറൻസില്ലാത്ത വാഹനം ഓടിക്കുക, എന്നിവയ്ക്കും പിഴയുണ്ട്.