പയ്യന്നൂർ എംഎൽഎ ടിഎ മധുസൂദനനെതിരെ വധഭീഷണി മുഴക്കി മുഴക്കിയ ആൾ പിടിയിൽ. സിപിഐഎം നേതാക്കൾക്കെതിരെയും പയ്യന്നൂർ എംഎൽഎ ടിഎ മധുസൂദനനെതിരെയും വധഭീഷണി മുഴക്കിയ പ്രതി കണ്ണൂർ ചെറുതാഴം സ്വദേശി വിജേഷിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചാം തീയതി ഇയാൾ ടിഎ മധുസൂദനനെ ഫോണിൽ വിളിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നേരത്തെ, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനെയും ഇതേ ആൾ തന്നെ വിളിച്ച് വകവരുത്തും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഇയാൾ നേരത്തെ ഒരു ബിജെപി, ആർ എസ് എസ് പ്രവർത്തകനായിരുന്നു. ഇപ്പോൾ ബിജെപി, ആർഎസ്എസ് സംഘടനകളുമായി ഇയാൾ സഹകരിച്ച് പ്രവർത്തിക്കുന്നില്ല എന്നാണ് സംഘടനാ നേതാക്കൾ അറിയിക്കുന്നത്. ഭീഷണിക്ക് ശേഷം ഇയാൾ നാടുവിട്ടു പോവുകയായിരുന്നു. പല സ്ഥലങ്ങളിലായി, വിവിധ സ്ഥലങ്ങളിൽ പൂജാരിയായും, സഹായിയായും മറ്റും ഒക്കെ പ്രവർത്തിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മുണ്ടക്കയത്തുള്ള ഒരു ക്ഷേത്രത്തിൽ പൂജാരിയായി പ്രവർത്തിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. പല സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും സമാനമായ രീതിയിൽ മാറിമാറി ഇയാൾ ജോലി നോക്കിയിരുന്നു. കുറച്ചുകാലം ജോലി ചെയ്യുമ്പോൾ ഇയാളുടെ പ്രവർത്തനം മെച്ചപ്പെട്ടതല്ല എന്ന് കണ്ട് പുറത്താക്കും. അപ്പോൾ മറ്റേതെങ്കിലും താവളം തേടും എന്നാണ് പൊലീസ് പറയുന്ന ഒരു കാര്യം.
പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ പയ്യന്നൂരിലേക്ക് കൊണ്ടുവരും. അതിനുശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്യും.