രാജ്യത്ത് വാട്‌സ്ആപ്പ് സേവനങ്ങള്‍ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുനസ്ഥാപിച്ചത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറോനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലാണ് 12 ഓടെ വാട്‌സ്ആപ്പ് സേവനം തടസ്സപ്പെട്ടത്. ഇന്ത്യക്ക് പുറമെ യുകെ, ഇറ്റലി, തുര്‍ക്കി എന്നീ രാജ്യങ്ങളിലുമാണ് വാട്‌സ്ആപ്പ് സേവനം നിലച്ചത്.
സേവനങ്ങള്‍ നിലച്ചത് വാട്‌സാപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പ് #whatsappdown എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ട്രെന്‍ഡിങ്ങായിരുന്നു. കെനിയ, ഇന്തോനേഷ്യ അതുപോലെ സ്പാനിഷ് സംസാരിക്കുന്ന ചില പ്രദേശങ്ങളുള്‍പ്പടെ തകരാറിനെ സംബന്ധിച്ച് പരാതിയുയര്‍ത്തിയിരുന്നു.
ഡിഎന്‍എസ് തകരാറുമൂലം 2021 ഒക്ടോബറില്‍ മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെ സേവനം 6 മണിക്കൂറോളം നിലച്ചിരുന്നു. മനുഷ്യന് വായിക്കാന്‍ പറ്റുന്ന ഹോസ്റ്റ് നെയിംസ് അക്കങ്ങളായ ഐപി അഡ്രസിലേക്ക് മാറ്റുകയെന്നതാണ് ഡൊമൈന്‍ നെയിം സിസ്റ്റത്തിന്റെ (ഡിഎന്‍എസ്) ജോലി. ഇത് കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറിന് നിങ്ങള്‍ക്കാവശ്യമുള്ള വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സെര്‍വറിലേക്ക് കണക്ട് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോഴുണ്ടാ പ്രശ്‌നം ബിജിപി റൂട്ടിങ് കാരണമാണ്. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്യാന്‍ സഹായിക്കുന്ന സിസ്റ്റമാണ് ബോര്‍ഡര്‍ ഗേറ്റ്വേ പ്രോട്ടോകോള്‍(ബിജിപി). 2021 മാര്‍ച്ചിലും വാട്‌സാപ്പ് 45 മിനിറ്റോളം പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ മെറ്റാ അതിനെ ”സാങ്കേതിക തകരാറുമൂലം ആളുകള്‍ക്ക് ഫേസ്ബുക്ക് സേവനങ്ങള്‍ ലഭിക്കുന്നില്ല” എന്ന് പറഞ്ഞുവെങ്കിലും കൃത്യമായ കാരണം വെളിപ്പെടുത്തിയിരുന്നില്ല.
2020 ല്‍ നാല് പ്രധാന തകരാറുകളായിരുന്നു വാട്‌സാപ്പ് നേരിട്ടത്. അതില്‍ ജനുവരിയിലെ തകരാര്‍ മൂന്ന് മണിക്കൂറോളം നീണ്ടു നിന്നിരുന്നു. അതിന് ശേഷം ഏപ്രിലിലും പിന്നീട് ജൂലൈയിലും രണ്ട് മണിക്കൂറോളം തടസവും പിന്നീട് ഓഗസ്റ്റിലും തടസങ്ങള്‍ നേരിട്ടു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് വ്യാപകമായി തടസം നേരിട്ടതിനെ തുടര്‍ന്ന് പോസ്റ്റുകളോ ഫീഡുകളോ ഫോട്ടോസോ കാണാന്‍ സാധിക്കുന്നില്ല എന്ന് 2019 ജൂലൈയില്‍ ഉപഭോക്താക്കള്‍ പരാതിയറിയിച്ചിരുന്നു. ഫേസ്ബുക്കിന്റെ പ്രൊഡക്ടുകള്‍ ആ വര്ഷം നേരിട്ട മൂന്നാമത്തെ വലിയ തടസമായിരുന്നു അത്.
എന്തുകൊണ്ടാണ് ഇങ്ങനെ തടസങ്ങള്‍ ഉണ്ടാകുന്നത്?
ലോകം മുഴുവന്‍ ഏതാണ്ട് രണ്ട് ബില്യണില്‍ കൂടുതല്‍ വാട്‌സാപ്പ് ഉപയോക്താക്കളും മൂന്ന് ബില്യണില്‍ കൂടുതല്‍ ഫേസ്ബുക് ഉപയോക്താക്കളും ഉള്ള സാഹചര്യത്തില്‍ എല്ലാവര്‍ക്കും സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യത കുറവാണ്. കാരണം ഇത്രയും വലിയ സേവനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തായുള്ള ഡാറ്റ സെന്ററുകളിലായി സുരക്ഷിത വലയത്തിലാകും ഹോസ്റ്റ് ചെയ്തിരിക്കുക.
ഒരു പ്രൊഡക്ടിന്റെ മാറ്റം എന്നാല്‍ എല്ലാ ഉപയോക്താക്കളെയും ബാധിച്ചേക്കാം. പക്ഷെ ഇത്രയും വലിയ ഉപയോക്താക്കളുണ്ടെന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ ഒരുമിച്ച് നല്‍കുകയില്ല. ഇത് പതിയെ വിവിധ സെറ്റുകളായി മാത്രമേ ഉപഭോക്താക്കളിലേക്കെത്തിക്കൂ. അതുകൊണ്ടുതന്നെ എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ മുഴുവന്‍ ബേസിനെയും ബാധിക്കാതെ അതിനെ തിരിച്ചു വിടാന്‍ സാധിക്കുന്നു.
ഇത്തരം തകരാറുകള്‍ പതിവായി ഉണ്ടോ?
തീര്‍ച്ചയായും അങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫേസ്ബുക്കിന്റെ സേവനങ്ങള്‍ പോലെ ഇത്രയും വലിയ ഉപയോക്താക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നത് പഠിച്ചു വരുന്നതേയുള്ളു. അതുപോലെ തന്നെ ഉപയോക്താക്കളെ കൈകാര്യം ചെയ്യാനായി തേര്‍ഡ് പാര്‍ട്ടി സെര്‍വീസസിന്റെ സഹായം തേടുന്നതും മറ്റൊരു കാരണമാകാം. അതുകൊണ്ട് ചെറിയൊരു പ്രശ്‌നം പോലും ദശലക്ഷത്തോളം ആളുകളെ ബാധിക്കുന്നു.