വാടകഗർഭധാരണം : താരദമ്പതികൾക്ക്‌ ക്ലീന്‍ചിറ്റ്

0
103

വാടകഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികള്‍ പിറന്നതില്‍ താരദമ്പതികളായ നയൻതാരയുടെയും വിഘ്‌നേഷ്‌ ശിവന്റെയും ഭാഗത്ത്‌ ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്‌.

തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ നിയോഗിച്ച  അന്വേഷണ സമിതിയാണ് ദമ്പതികള്‍ക്ക് ക്ലീൻചിറ്റ്‌ നൽകിയത്‌. വാടകഗർഭധാരണത്തിന്‌ ഇരുവരും എല്ലാ നടപടിയും പാലിച്ചതായി സമിതി ബുധനാഴ്‌ച സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദമ്പതികൾ സമർപ്പിച്ച രേഖകൾ ബോധ്യപ്പെട്ടെങ്കിലും ഇരട്ടകുട്ടികള്‍ പിറന്ന ചെന്നൈയിലെ സ്വകാര്യ  ആശുപത്രിയുടെ ഭാഗത്ത്‌ ഗുരുതര വീഴ്‌ചയുണ്ടായെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഐസിഎംആർ മാർഗനിർദേശമനുസരിച്ച്‌ ചികിത്സയുടെയും വാടകഗർഭധാരണത്തിന്റെയും രേഖകൾ ആശുപത്രി സൂക്ഷിക്കണം. ഇതുണ്ടായില്ല. അടച്ചുപൂട്ടാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട്‌ ആശുപത്രിക്ക്‌ നോട്ടീസ്‌ നൽകി.

2016 മാര്‍ച്ച് 11ന് നയന്‍താരയും വിഘ്നേഷും വിവാഹിതരായെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. 2022 ജൂണ്‍ ഒമ്പതിനായിരുന്നു ഇരുവരുടെയും താലികെട്ട്. ഒക്ബോബര്‍ ഒമ്പതിനാണ് ഇരട്ടകള്‍ പിറന്നതായി ഇവര്‍ ലോകത്തെ അറിയിച്ചത്. വിവാഹത്തിന് മുമ്പേ വാടക​ഗര്‍ഭധാരണം നടത്തിയെന്ന പേരില്‍ ഇതോടെ വിവാദമുയര്‍ന്നു. എന്നാല്‍ ഐസിഎംആര്‍ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ദമ്പതികള്‍ പാലച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ആ​ഗസ്തിലാണ് ​ഭ്രൂണം സജ്ജമാക്കിയത്. 2012 നവംബറില്‍  വാട​കഗര്‍ഭത്തിന് തയ്യാറായ  യുവതി കരാറില്‍ ഒപ്പിട്ടു.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് വാടക​ഗര്‍ഭം പേറിയത്.2022 മാര്‍ച്ചില്‍ അവര്‍ കുഞ്ഞിന് ജന്മംനല്‍കി. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.