കെപിസിസി മുൻ സെക്രട്ടറിയും പത്തനംതിട്ട മുൻ നഗരസഭാ ചെയർപേഴ്‌സണുമായ അജീബ എം സാഹിബിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്.
തിരുവനന്തപുരത്തെ പ്രവാസി മലയാളിയിൽനിന്നടക്കം ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. കുമാരപുരം ചെട്ടിക്കുന്ന് സ്വദേശി എസ് രാധാകൃഷ്ണനിൽനിന്ന് പലഘട്ടങ്ങളിലായി 16 ലക്ഷം കൈപ്പറ്റിയെന്നാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ്. പണം കൈമാറിയ രേഖകൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സമാനമായി നാലിലധികം കേസുകൾ അജീബക്കെതിരെ ഉണ്ടെന്ന് പരാതിക്കാരൻ പറയുന്നു. ബാലരാമപുരം സ്വദേശിയിൽനിന്ന് 1,38,000 രൂപ അജീബ തട്ടിയെടുത്തതായും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസുണ്ട്.
ഇതിനിടെ അജീബയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കോൺഗ്രസ് പ്രവർത്തകർ പരാതിനൽകി. കെപിസിസി നേതൃത്വം പരിശോധന നടത്താതെ അഞ്ചുലക്ഷം രൂപ അജീബക്ക് അനുവദിച്ചെന്നും ആക്ഷേപമുണ്ട്. കെപിസിസി ട്രഷററും സംഘവും നടത്തുന്ന അഴിമതിയുടെ ഭാഗമാണ് ഇതെന്നാണ് പരാതിയിൽ പറയുന്നത്.
ബിസിനസ് ആവശ്യത്തിന് പണം വാങ്ങിയത് സംബന്ധിച്ചാണ് കേസെന്നും ആരുടെയും പണം തട്ടിയിട്ടില്ലെന്നും അജീബ എം സാഹിബ് പറയുന്നു. കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. ഇതിൽ പകയുള്ള ഒരുവിഭാഗം നടത്തിയ ഗൂഢാലോചനയാണിതെന്നും കെപിസിസി പ്രസിഡന്റുമായും ഭാരവാഹികളുമായും ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അജീബ പറഞ്ഞു.