ഗൂഗിളിന് 936.44 കോടി പിഴ; ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ

0
72

ടെക് ഭീമനായ ഗൂഗിളിന് വീണ്ടും പിഴ. കമ്പനി 936.44 കോടി രൂപ നല്‍കണമെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. പ്ലേ സ്റ്റോര്‍ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് പിഴ. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഗൂഗിളിന് പിഴയിടുന്നത്.

ന്യായമല്ലാത്ത എല്ലാ ബിസിനസ്സ് രീതികളും അവസാനിപ്പിക്കണമെന്ന് സിസിഐ ഗൂഗിളിനോട് ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സെര്‍ച്ച് എഞ്ചിന്റെ പ്രവര്‍ത്തനം ഒരു നിശ്ചിത സമയത്തിനുള്ളില്‍ പരിഷ്‌കരിക്കാനും ഇത് നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 20-ന് സിസിഐ ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയിരുന്നു. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പിഴ ശിക്ഷ.

ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളും പ്രവര്‍ത്തിപ്പിക്കുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ്. 2005-ല്‍ ഗൂഗിള്‍ സ്വന്തമാക്കിയ അത്തരത്തിലുള്ള ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ഈ ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലൈസന്‍സിംഗുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ വിവിധ രീതികളും മൊബൈല്‍ ആപ്ലിക്കേഷനുകളായ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ക്രോം, യൂട്യൂബ് എന്നിവയും കമ്മീഷന്‍ പരിശോധിച്ചു. ഗൂഗിളിന്റെ പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കളെ വര്‍ദ്ധിപ്പിക്കുക എന്ന ആത്യന്തിക ഉദ്ദേശത്തോടെയാണ് ഗൂഗിളിന്റെ പ്രവര്‍ത്തനമെന്ന് സിസിഐ കണ്ടെത്തി.