Monday
12 January 2026
20.8 C
Kerala
HomeKeralaവർക്കല മണ്ഡലത്തിലെ മൂന്നു സ്കൂളുകൾ കൂടി ഇനി ഹൈടെക്

വർക്കല മണ്ഡലത്തിലെ മൂന്നു സ്കൂളുകൾ കൂടി ഇനി ഹൈടെക്

തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ പൊതു വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് വർക്കല മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾ കൂടി. നാവായിക്കുളം  ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, കിഴക്കനേല എൽ പി സ്കൂൾ എന്നിവിടങ്ങളിൽ നിർമ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പുല്ലൂർമുക്ക് എം എൽ പി സ്കൂളിൽ ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും  നടത്തി. കുട്ടികളുടെ പാഠ്യ നിലവാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി പറഞ്ഞു. വി. ജോയി എംഎൽഎ പരിപാടികളിൽ അധ്യക്ഷനായി.

നാവായിക്കുളം ഗവ. എച്ച്. എസ്. എസ്സിൽ മൂന്ന് നിലകളിലായി  നിർമ്മിച്ച കെട്ടിടത്തിൽ 7 ക്ലാസ് മുറികൾ,6 ലാബ് മുറികൾ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആറ് ബാച്ചുകളിലായി 390 കുട്ടികളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇവിടെ പഠിക്കുന്നത്. ഒരു കോടി രൂപ ചെലവിൽ രണ്ട് നിലകളിലായി 8 ക്ലാസ് മുറികളോടുകൂടിയ കെട്ടിട സമുച്ചയമാണ് കിഴക്കനേല എൽ പി എസ്സിൽ നിർമ്മിച്ചത്. നേഴ്‌സറി, എൽ. പി. വിഭാഗങ്ങളിൽ 333 വിദ്യാർഥികളാണ് സ്കൂളിലുള്ളത്.

പുല്ലൂർമുക്കിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവണ്മെന്റ് എം. എൽ. പി. എസ്. 150 കുട്ടികൾ പഠിക്കുന്ന ഇവിടെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു കോടി മുപ്പത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്.  രണ്ട് നിലകളിലായി എട്ട് ക്ലാസ്സ്‌മുറികളാണ് പുതിയ കെട്ടിടത്തിൽ ഉണ്ടാവുക.

കാട്ടുപുതുശ്ശേരി എസ് എൻ വി യു പി സ്കൂളിൽ നിർമിച്ച കിച്ചൻ കം സ്റ്റോർ റൂം, വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്, ശുചിമുറി ബ്ലോക്ക്‌ തുടങ്ങി വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വിജയലക്ഷ്മി രചിച്ച ‘മഴത്തുള്ളികൾ’ എന്ന കവിത സമാഹാരവും, സിഡിയും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.

RELATED ARTICLES

Most Popular

Recent Comments