സർക്കാരിന്റേത് ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ:  മന്ത്രി ആർ. ബിന്ദു

0
61

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള  പ്രവർത്തനങ്ങളുമായാണ് സർക്കാർ  മുന്നോട്ട് പോവുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ  ബിന്ദു. ജൈവവൈവിധ്യ സംരക്ഷണവും വനവൽക്കരണവും  നിത്യജീവിതത്തിന്റെ ഭാഗമായി  ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഓർമ്മിപ്പിച്ചു. കൊടകരയിലെ ‘ഭൂമിക’ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാതെയുള്ള വികസന കാഴ്ചപ്പാടാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിന് വേണ്ടി ജൈവവൈവിധ്യ ബോർഡ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിലെ 15-ാം വാര്‍ഡിലുളള  മണിപാപ്പന്‍ മെമ്മോറിയല്‍ ഹാളിന് സമീപം 67 സെന്റോളം വരുന്ന പൊതുസ്ഥലത്താണ് ഔഷധച്ചെടികളും പൂച്ചെടികളും ഫലവൃക്ഷത്തൈകളുമായി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ജൈവ വൈവിധ്യ ബോര്‍ഡിന്റെ 10 ലക്ഷം രൂപയും പഞ്ചായത്തിന്റെ 1 ലക്ഷം രൂപയും സി.എസ്.ആര്‍ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ
ഉദ്യാനത്തിന്റെ തുടർ പരിപാലനത്തിനുള്ള
ധാരണാപത്രം ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.