സൽമാൻ റുഷ്ദിയുടെ കണ്ണിന്റെ കാഴ്ചശക്തിയും ഒരു കയ്യുടെ ചലനശേഷിയും നഷ്ടപ്പെട്ടതായി റിപ്പോർട്ട്

0
81

ന്യൂയോർക്കിൽ വച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്. ന്യൂയോർക്കിലെ ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി സൽമാൻ റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായിരുന്നു അന്ന് റുഷ്ദിക്കേറ്റ പരുക്ക്. മാസങ്ങൾക്ക് ശേഷം റുഷ്ദിയുടെ ആരോഗ്യനില സംബന്ധിച്ച് വീണ്ടും റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായും ഒരു കയ്യുടെ ചലനശേഷി നഷ്ടപ്പെട്ടതായും ‘ദി ഗാർഡിയൻ’ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റുഷ്ദിയുടെ ആരോഗ്യനില സംബന്ധിച്ച് നിലവിൽ പൂർണവിവരം വ്യക്തമല്ലെങ്കിലും ആ ആക്രമണം എത്രത്തോളം ഗുരുതരമായിരുന്നെന്നും റുഷ്ദിയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈലി സ്‌പെയിനിലെ എൽ പേയ്‌സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

അന്ന് സംഭവിച്ച ആക്രമണത്തിൽ റുഷ്ദിയുടെ കഴുത്തിൽ മൂന്ന് ആഴത്തിലുള്ള ഗുരുതരമായ മുറിവുകളും നെഞ്ചിലും ശരീരത്തിലും 15 മുറിവുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതായെന്നും ഒരു കൈയുടെ സ്വാധീനം ഇല്ലാതായെന്നും ആൻഡ്രൂ വൈലി പറഞ്ഞു. എന്നാൽ റുഷ്ദി ഇപ്പോഴും ആശുപത്രിയിൽ തന്നെയാണോ എന്നതിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. റുഷ്ദി ജീവിക്കാൻ പോകുന്നു എന്നത് മാത്രമാണ് ഇപ്പോൾ പ്രധാനമെന്ന് വൈലി കൂട്ടിച്ചേർത്തു.

സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. 33 വർഷം മുൻപ് ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി പുറപ്പെടുവിച്ച ഫത്വ, ഇപ്പോൾ നടപ്പാക്കുകയായിരുന്നോ എന്ന സംശയമാണ് വിവിധ കോണുകളിൽ നിന്ന് ആക്രമണത്തിന് പിന്നാലെ ഉയർന്നത്. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ എന്നയാളാണ് റുഷ്ദിയെ ആക്രമിച്ചത്.

സാതാനിക് വേഴ്സസ് എന്ന പുസ്തകത്തിന്റെ പേരിൽ 1980-കളിൽ ഇറാനിൽ നിന്ന് വധഭീഷണി നേരിട്ട എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. 1988-ൽ റുഷ്ദിയുടെ പുസ്തകം ഇറാനിൽ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയൻ നേതാവ് ആയത്തുള്ള ഖൊമൈനി സൽമാൻ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്ന് മില്യൺ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.

ഖൊമൈനിയുടെ കൽപ്പനയിൽ നിന്നും ഇറാൻ വളരെക്കാലമായി അകലം പാലിക്കുകയാണെങ്കിലും സൽമാൻ റുഷ്ദി വിരുദ്ധ വികാരം ചില തീവ്രമതവാദികൾക്കുള്ളിൽ വളരെക്കാലം നിലനിന്നു. പിന്നീട് 2012-ൽ ഒരു മതസ്ഥാപനം റുഷ്ദിയെ വധിക്കുന്നവർക്കുള്ള പാരിതോഷികം 3.3 മില്യൺ ഡോളറായി ഉയർത്തി. ഫത്വ കാലത്തെക്കുറിച്ച് റുഷ്ദി എഴുതിയ ജോസഫ് ആന്റൺ എന്ന ഓർമക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു.