ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ: സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് കോലി

0
172

ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടി പുറത്താവാതെ നിന്ന കോലി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു.

ഇന്നലെ പാകിസ്താനെതിരെ കോലി നേടിയത് ഐസിസി ടൂർണമെൻ്റുകളിലെ തൻ്റെ 24ആം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു. സച്ചിനാവട്ടെ 23 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് ഉള്ളത്. 60 ഐസിസി മത്സരങ്ങളിൽ നിന്ന് 60.63 ശരാശരിയിൽ 22 അർധസെഞ്ചുറികളും 2 സെഞ്ചുറികളും സഹിതം 2486 റൺസാണ് കോലി നേടിയിട്ടുള്ളത്. 61 മത്സരങ്ങളിൽ നിന്ന് 49.43 ശരാശരിയിൽ ഏഴ് സെഞ്ചുറികളും 16 അർധസെഞ്ചുറികളും അടക്കം 2719 റൺസാണ് സച്ചിൻ്റെ സമ്പാദ്യം.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.