പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ:എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം സന്പൂർണ്ണ വിജയം

0
152

ബഹിരാകാശ വിക്ഷേപണ വിപണിയിൽ പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം സന്പൂർണ്ണ വിജയം. വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു.

കൃത്യം 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതര മിനുട്ട് കഴിഞ്ഞപ്പോൾ ആദ്യ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ.

34ആം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ച ആത്മവിശ്വാസത്തിൽ ഐഎസ്ആർഒ അപ്പോൾ തന്നെ വിജയം പ്രഖ്യാപിച്ചു. അടുത്ത 20 ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരം കിട്ടും മുന്പേ വാർത്താ സമ്മേളനം തുടങ്ങി.

വാർത്താ സമ്മേളനം തീരും മുമ്പ് എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ സ്ഥാപിച്ചുവെന്ന സ്ഥിരീകരണം എത്തി. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചുവെന്നായിരുന്നു ഇസ്രൊ ചെയർമാന്റെ പ്രതികരണം.

ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബിൻറെ സ്ഥിരീകരണം പുലർച്ചെ 3.11ന് എത്തി. അങ്ങനെ അന്താരാഷ്ട്ര ബഹിരാകാശ വിപണയിൽ ഇന്ത്യയുടെ ബാഹുബലിയുടെ രാജകീയ പ്രവേശം. ഒരിക്കലും പിഴയ്ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എൽവിഎം 3 നിലനിർത്തി.

പിഎസ്എൽവിക്ക് പുറമേ എൽവിഎം ത്രീ കൂടി സജീവമായി വിക്ഷേപണ വിപണയിൽ കെൽപ്പ് തെളിയിച്ചതോടെ ഇരട്ടക്കുതിര ശക്തിയിലായിരിക്കും മുന്നോട്ടുള്ള കുതിപ്പെന്ന് ഇസ്രൊ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

കഥ തുടങ്ങുന്നേ ഉള്ളൂ, വൺ വെബ്ബിന്റെ അടുത്ത വാണിജ്യ വിക്ഷേപണം 2023 ജനുവരിയിൽ നടക്കും , ഡിസംബറിൽ എസ്എസ്എൽവി രണ്ടാം പരീക്ഷണത്തിനായി വിക്ഷേപണത്തറയിലെത്തും. രാജ്യം കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്ന് വിക്ഷേപണം 2023 ജൂലൈക്ക് മുമ്പായി നടക്കുമെന്നും സോമനാഥ് വിക്ഷേപണ ശേഷം സ്ഥിരീകരിച്ചു. ഐഎസ്ആ‌‌‌ർഒയ്ക്ക് ഇനി തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് വ്യക്തം.