സഹേലി, പാര്‍ശ്വഫലങ്ങളില്ലാത്ത ഇന്ത്യയുടെ ഗര്‍ഭനിരോധന ഗുളിക

0
114

ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ ശ്രദ്ധേയമായ ഫലങ്ങളിലൊന്ന് ദേശീയ കുടുംബക്ഷേമ പരിപാടിക്ക് കീഴില്‍ 1995-ല്‍ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ നോണ്‍-സ്റ്റിറോയിഡല്‍ ഗര്‍ഭനിരോധന ഗുളികയായ സഹേലിയുടെ (സെന്‍ക്രോമാന്‍) ആവിര്‍ഭാവമാണ്. ലഖ്നൗവിലെ സെന്‍ട്രല്‍ ഡ്രഗ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സിഡിആര്‍ഐ) പ്രശസ്ത ഓര്‍ഗാനിക് കെമിസ്റ്റായ ഡോ.നിത്യ ആനന്ദിന്റെ നേതൃത്വത്തില്‍ രണ്ടു പതിറ്റാണ്ട് നീണ്ട കഠിനമായ ഗവേഷണത്തിന്റെ ഫലമാണ് ഗുളിക.

ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കേണ്ട ഒരു ഗുളിക, നിരവധി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. ഇത് എങ്ങനെ സംഭവിച്ചു എന്നതിന്റെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്റെയും കഥ അറിയണോ?

ഇംപ്ലാന്റുകള്‍, കോണ്ടം അല്ലെങ്കില്‍ ശസ്ത്രക്രിയാ വന്ധ്യംകരണം എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ഗര്‍ഭാവസ്ഥയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജൈവ പ്രക്രിയകളെ തടസ്സപ്പെടുത്തുന്ന ഗര്‍ഭനിരോധന ഗുളികകള്‍ ഏറെ ഫലപ്രദമാണ്.

1951-ലാണ്, ഓസ്ട്രിയന്‍ വംശജനായ ബള്‍ഗേറിയന്‍-അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്റ്റ് കാള്‍ ഡിജെരാസിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ജോര്‍ജ്ജ് റോസെന്‍ക്രാന്റ്‌സും ലൂയിസ് മിറമോണ്ടസും ചേര്‍ന്ന് ആദ്യത്തെ ഗര്‍ഭനിരോധന ഗുളിക വികസിപ്പിച്ചെടുത്തത്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ചരിത്രത്തിലെ ഒരു വിപ്ലവകരമായ ചുവടുവയ്പ്പായിരുന്നു ഇത്, കാരണം ഇത് ദശലക്ഷക്കണക്കിന് സ്ത്രീകളെ ഗര്‍ഭധാരണത്തെക്കുറിച്ച് സ്വന്തമായി തീരുമാനമെടുക്കാന്‍ സഹായിച്ചു.

എന്നാല്‍ രണ്ടാഴ്ചത്തേക്ക് ഗുളിക കഴിക്കുന്നില്ലെങ്കില്‍, അത് ലൈംഗിക ബന്ധത്തില്‍ ഗര്‍ഭധാരണത്തിന് കാരണമാകും. മാത്രമല്ല, ഈ ഗുളികയില്‍ സ്റ്റിറോയിഡ് ഘടകം അടങ്ങിയിരിക്കുന്നതിനാല്‍ ഓക്കാനം, ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള രക്തസ്രാവം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളുടെ ഒരു പരമ്പരയും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരും.

അതുകൊണ്ടുതന്നെ ഇന്ത്യാ ഗവണ്‍മെന്റ് ശാസ്ത്രജ്ഞരോട് ബദലുകള്‍ വികസിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ലക്നൗവിലെ സിഡിആര്‍ഐയിലെ ഡോ നിത്യ ആനന്ദും സംഘവും അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

നിരവധി ശ്രമങ്ങള്‍ക്ക് ശേഷം, 1971-ല്‍ അവര്‍ ശരിയായ ഒരു ഫോര്‍മുല കണ്ടെത്തി. ഇത് ക്രോമന്‍ കുടുംബത്തില്‍ പെട്ടതും സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ചതുമായതിനാല്‍ അവര്‍ അതിനെ സെന്‌ക്രോമന്‍ എന്ന് നാമകരണം ചെയ്തു,

ഡിജെരാസി വികസിപ്പിച്ച ഗുളികയില്‍ നിന്ന് വ്യത്യസ്തമായി, സെന്‌ക്രോമന്‍ ആഴ്ചതോറും കഴിക്കണം, ഗുളിക അണ്ഡോത്പാദനത്തെ ബാധിക്കാത്തതിനാല്‍ സ്ത്രീയുടെ ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുന്നില്ല. ഗുളികകള്‍ ഇംപ്ലാന്റേഷന്‍ പ്രക്രിയയെ തടയുകയാണ് ചെയ്യുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം ഗുളിക കഴിക്കാം. ഇതിന് സ്റ്റിറോയിഡ് ഘടകമൊന്നുമില്ല .അതിനാല്‍ അനുബന്ധ പാര്‍ശ്വഫലങ്ങളൊന്നുമില്ല, ഒരു സ്ത്രീ ഇത് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, അവള്‍ക്ക് പ്രത്യുല്‍പാദനശേഷി വീണ്ടെടുക്കാന്‍ കഴിയും.

ഏകദേശം മൂന്ന് പതിറ്റാണ്ടുകളെടുത്തു ഈ ഗുളിക പൂര്‍ണ്ണാര്‍ത്ഥത്തില്‍ പുറത്തിറങ്ങാന്‍. 1990-ല്‍ ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ സെന്‍ക്രോമാനെ അംഗീകരിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലൈഫ് കെയറിനും (പിഎസ്യു) അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിനും ‘സഹേലി’ (സ്ത്രീ സുഹൃത്ത് എന്നര്‍ത്ഥം) എന്ന പേരില്‍ ഇത് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കി. ലോകാരോഗ്യ സംഘടനയും (WHO) ഈ ഗുളികയ്ക്ക് അംഗീകാരം നല്‍കി, അതിന് ormeloxifene എന്ന സാങ്കേതിക നാമം നല്‍കി, Novex-DS അല്ലെങ്കില്‍ Sevista എന്ന പേരില്‍ ഇത് ലോകമെമ്പാടും വിറ്റു.