ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോവില്ലെന്ന ബിസിസിഐ പ്രഖ്യാപനത്തിൽ പ്രതികരിച്ച് രോഹിത് ശർമ

0
119

അടുത്ത വർഷത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോവില്ലെന്ന ബിസിസിഐ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇപ്പോൾ ഈ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും മറ്റ് കാര്യങ്ങൾ ബിസിസിഐ ആണ് തീരുമാനിക്കേണ്ടത് എന്നും രോഹിത് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഈ ലോകകപ്പിൽ നാളെ പാകിസ്താനെതിരെ മെൽബണിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.

“നമുക്ക് ഈ ലോകകപ്പിൽ ശ്രദ്ധിക്കാം എന്നതാണ് എൻ്റെ അഭിപ്രായം. കാരണം, ഈ ലോകകപ്പ് ഞങ്ങൾക്ക് വളരെ നിർണായകമാണ്. പിന്നീട് എന്ത് സംഭവിക്കും എന്നതിനെപ്പറ്റി ഞങ്ങൾ ആശങ്കപ്പെടുന്നില്ല. അത് ആലോചിക്കുന്നതിൽ കാര്യമില്ല. ബിസിസിഐ ആണ് അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. നാളത്തെ മത്സരത്തിനായി എങ്ങനെ തയ്യാറാവണം എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.”- രോഹിത് പറഞ്ഞു.

ഇന്ത്യ അടുത്ത കൊല്ലത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്നാണ് സൂചന. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തന്നെ ബഹിഷ്കരണ സൂചന നൽകി. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താനും ഏകദിന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്.

ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ്റെ മുൻ താരം സഈദ് അൻവർ രംഗത്തുവന്നിരുന്നു. ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് സഈദ് അൻവർ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘പിഎസ്എലിനായി എല്ലാ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ എന്താണ് ബിസിസിഐയുടെ പ്രശ്നം? ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടണം.’- അൻവർ പറഞ്ഞു.

ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.