കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദേശിച്ചു. യുവജനകാര്യ വകുപ്പും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിമൂലം തടസപ്പെട്ട കേരളോത്സവങ്ങള്‍ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. കേരളോത്സവം നടത്താനാവശ്യമായ തുക ചെലവഴിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
ഗ്രാമ-നഗരസഭകളില്‍ കേരളോത്സവ സംഘാടനം പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. തനത് ഫണ്ടില്‍ നിന്നോ പ്ലാൻ ഫണ്ടില്‍ നിന്നോ ആവശ്യമായ തുക വിനിയോഗിക്കാം. പഞ്ചായത്തുകള്‍ക്ക് ഒന്നരലക്ഷം രൂപ വരെയും മുൻസിപ്പാലിറ്റികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും കോര്‍പറേഷനുകള്‍ക്ക് രണ്ടരലക്ഷം രൂപവരെയും ചിലവഴിക്കാൻ അനുവാദമുണ്ട്.
ബ്ലോക്ക് ജില്ലാ തലത്തില്‍ സംഘാടനം തദ്ദേശ സ്ഥാപനങ്ങളും യുവജനക്ഷേമ ബോര്‍ഡുമായി ചേര്‍ന്നാണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്നരലക്ഷം രൂപവരെയും ജില്ലാ പഞ്ചായത്തുകള്‍ക്ക് നാല് ലക്ഷം രൂപ വരെയും കേരളോത്സവങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. യുവജനക്ഷേമ ബോര്‍ഡിന്‍റെ സാമ്പത്തികസഹായവും ലഭിക്കും. സംസ്ഥാനതല കേരളോത്സവം സംഘടിപ്പിക്കുന്നത് യുവജനക്ഷേമ ബോര്‍ഡാണ്.