വിദേശരാജ്യങ്ങളും ആയുർവേദ ഡോക്ടർമാരുടെ സേവനം ആവശ്യപ്പെടുന്നു: മന്ത്രി

0
66

വിദേശ സന്ദർശനവേളയിൽ രാജ്യങ്ങൾ ആയുർവേദ ഡോക്ടർമാരുടെ സേവനം ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌. ആഗോളതലത്തിൽതന്നെ ആയുർവേദത്തിന്റെ പ്രാധാന്യവും പ്രസക്തിയും വർധിച്ചതിന്റെ തെളിവാണിത്‌. ചികിത്സാരംഗത്ത്‌ കഴിവുതെളിയിച്ചവർക്ക്‌ വിദേശത്ത്‌ അവസരം  ഒരുക്കുമന്നും അവർ പറഞ്ഞു. ഏഴാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഗവ. ആയുർവേദ കോളേജിൽ നടക്കുന്ന ശാസ്‌ത്ര പ്രദർശനം, അമൃതം 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം കണ്ണൂരിൽ ആരംഭിച്ചു. ഗവേഷണ, ചികിത്സാരംഗത്ത്‌ സർക്കാർ ഇടപെടലുകൾ നടത്തുന്നുണ്ട്‌. കേന്ദ്രത്തിന്‌ കല്ലിടുന്നതിന്‌ മുമ്പുതന്നെ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 14 ജില്ലയിലും ആയുർവേദ ആശുപത്രികളിലും അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുന്നതിൽ കേരളത്തിന്‌ മുൻഗണന നൽകാമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

മന്ത്രി ആന്റണി രാജു അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ്‌ ഡോ. ജെ ആർ സുനിത, എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്‌, കെജിഒഎ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്‌, ഡോ. സി എസ്‌ ശിവകുമാർ, ഡോ. സജിതാ ഭദ്രൻ, ഡോ. അനീഷ്‌, ഡോ. അർജുൻ വിജയ്‌, ഡോ. സി ഡി ലീന, എസ്‌ പി വിശ്വനാഥ്‌, ഡോ. നയന ദിനേശ്‌, ഡോ. പി ആർ സജി, സനൽകുമാർ തുടങ്ങിയവരും സംസാരിച്ചു. ഞായർ വരെയുള്ള പ്രദർശനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്‌. സ്കൂൾ, കോളേജ്‌ വിദ്യാർഥികൾക്കായി ഔഷധസസ്യ വിതരണവുമുണ്ട്. ഞായർ വൈകിട്ട്‌ അഞ്ചിന് സമാപന സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.