കേരളത്തിൽ നിക്ഷേപമിറക്കാൻ ബ്ലാക്‌സ്‌റ്റോൺ

0
98

കേരളത്തിൽ നിക്ഷേപമിറക്കാൻ താൽപ്പര്യം അറിയിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ്‌ ഇക്വിറ്റി ഫണ്ടായ ബ്ലാക്‌സ്‌റ്റോൺ. ഐബിഎസ്‌ സോഫ്‌റ്റ്‌വെയറിന്റെ രജത ജൂബിലി ആഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനോടാണ്‌ ബ്ലാക്‌സ്‌റ്റോൺ സീനിയർ മാനേജിങ്‌ ഡയറക്ടർ മുകേഷ്‌ മേത്ത ഇക്കാര്യം അറിയിച്ചത്‌. മികച്ച അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവ–-നൈപുണ്യ ശേഷിയുമൊരുക്കി നിക്ഷേപകരെ സ്വാഗതം ചെയ്യുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക്‌ മറുപടിയായാണ്‌ മേത്ത ഇക്കാര്യം പറഞ്ഞത്‌.

കേരളവുമായി ഏതൊക്കെ മേഖലയിൽ സഹകരണമാകാം എന്നതിനെക്കുറിച്ച്‌ തുടർചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിസ്ഥാനസൗകര്യം, മനുഷ്യശേഷി, മലയാളികളുടെ തൊഴിലിനോടുള്ള അർപ്പണബോധം എന്നിവ വലുതാണ്‌. ഐബിഎസിന്റെ വളർച്ച അതിനുള്ള തെളിവാണ്‌. ഡിജിറ്റൽ വളർച്ചയിൽ കേരളം നിർണായക പങ്കുവഹിക്കും. ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗോള കമ്പനികൾ ഇവിടെ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മേത്ത പറഞ്ഞു.