സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

0
93

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യം ആണ് ഹൈക്കോടതി റദ്ദ് ആക്കിയത്. സിവിക് ചന്ദ്രൻ എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ അപ്പീലില്‍ ആണ് നടപടി.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിലെ വിവാദ പരാമര്‍ശം ഹൈക്കോടതി നീക്കം ചെയ്തിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തില്‍ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം ആണ് ഹൈക്കോടതി ഒഴിവാക്കിയത്.

ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമര്‍ശമാണെന്ന് കോടതി പറഞ്ഞു. ജില്ലാ കോടതി ഉത്തരവില്‍ നിയമപരമായ പിശകുകളുണ്ടെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചത്.

ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കേസ് തന്നെ നിലനിൽക്കില്ലെന്നാണ് കോടതി സെഷൻസ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. ഇത് നിയമപരമായി ഒരിക്കലും സാധൂകരിക്കാനാകുന്നത് അല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പിന്നാലെയായിരുന്നു സെഷൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.

ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനിൽക്കില്ല എന്നാണ് കോടതിയുടെ കണ്ടെത്തൽ. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് കോടതി ഉത്തരവിലെ പരാമർശങ്ങളെന്ന് നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയുടെ പരാമർശത്തിനെതിരെ വ്യാപകമായ വിമർശനവും വന്നിരുന്നു.

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി കോഴിക്കോട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങളെ ദേശീയ വനിത കമ്മീഷൻ അപലപിച്ചിരുന്നു. കോടതിയുടെ പരാമശങ്ങൾ അതീവ ദൗർഭാഗ്യകരമെന്നാണ് വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞത്. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും രേഖ ശർമ പറഞ്ഞിരുന്നു..