കുന്നപ്പിള്ളി ഗസ്റ്റ്‌ഹൗസിലെത്തിയതിന്റെ രേഖകൾ ശേഖരിച്ച്‌ പൊലീസ്‌; പരാതിക്കാരിയുമായി തെളിവെടുത്തു

0
88

കോവളം ഗസ്‌റ്റ്‌ ഹൗസിലെത്തിച്ച്‌ പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയിൽ പറയുന്ന ദിവസങ്ങളിലെല്ലാം എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎ ഗസ്‌റ്റ്‌ഹൗസിൽ മുറിയെടുത്തതിന്റെ രേഖകൾ പൊലീസ്‌ ശേഖരിച്ചു. കോവളം ഗസ്റ്റ്‌ ഹൗസിൽ സെപ്‌തംബർ 14ന്‌ മുറിയെടുത്ത എംഎൽഎ 16ന്‌ രാവിലെയാണ്‌ മുറിയൊഴിഞ്ഞതെന്നാണ്‌ ഗസ്റ്റ്‌ഹൗസ്‌ രേഖകൾ. 14നും 15നുമായി രണ്ട്‌ മുറി ബുക്ക്‌ ചെയ്‌ത കുന്നപ്പിള്ളി നേരിട്ടെത്തി 212–-ാം നമ്പർ അതിഥിയായാണ്‌ രജിസ്റ്ററിൽ ഒപ്പിട്ടത്‌.

ഗസ്റ്റ്‌ഹൗസിലെ ഒമ്പത്‌, പത്ത്‌ നമ്പർ മുറികളിലായി അഞ്ച്‌ പേരാണുണ്ടായിരുന്നത്‌. ആരെല്ലാം കൂടെയുണ്ടായിരുന്നുവെന്നതിൽ പൊലീസ്‌ വിശദ അന്വേഷണം നടത്തും. പരാതിക്കാരിയെ കോവളം ഗസ്റ്റ്‌ഹൗസിലെത്തിച്ച്‌ പൊലീസ്‌ തെളിവെടുത്തു. എംഎൽഎ 10ദിവസമായി ഒളിവിലാണ്‌.

കോവളം ഗസ്റ്റ്‌ഹൗസിൽ പീഡിപ്പിച്ചതായി പറയുന്ന ആഗസ്‌ത്‌‌ അഞ്ച്‌, ആറ്‌ തീയതികളിലും എൽദോസിന്റെ പേരിൽ ഗസ്റ്റ്‌ഹൗസിൽ മുറി ബുക്ക്‌ ചെയ്‌തിട്ടുണ്ടെന്ന്‌ രജിസ്റ്ററിലുണ്ട്‌. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ്‌ ശേഖരിച്ചു. ഈ ദിവസങ്ങളിലെല്ലാം എംഎൽഎ ഗസ്റ്റ്‌ഹൗസിലുണ്ടായിരുന്നതായി അന്വേഷകസംഘത്തിന്‌ വ്യക്തമായിട്ടുണ്ട്‌. സംഭവദിവസം പരാതിക്കാരിയുടെ വസ്ത്രം എംഎൽഎ വലിച്ചുകീറിയെന്നതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്‌. ബുധൻ, വ്യാഴം ദിവസങ്ങളിൽ പരാതിക്കാരിയുമായി പൊലീസ്‌ എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പിനെത്തും.

സെപ്‌തംബർ 14ന്‌ കോവളത്തെത്തി മർദിച്ചെന്നും പലയിടങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചെന്നുമാണ്‌ അധ്യാപികയുടെ പരാതി.  കള്ളപ്പരാതിയാണെന്ന്‌ ആരോപിച്ച്‌ ഒളിവിലിരുന്ന്‌ എംഎൽഎ വാട്‌സാപ്പിലൂടെ  പരാതിക്കാരിയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ അധ്യാപികയുടെ പരാതി ശരിവയ്‌ക്കുന്നതാണ്‌ പൊലീസിന്‌ ലഭിച്ച തെളിവുകൾ. എംഎൽഎയിൽനിന്ന്‌ പണം വാങ്ങി വാർത്ത നൽകിയെന്ന യുവതിയുടെ പരാതിയിൽ ഓൺലൈൻ ന്യൂസ്‌ ചാനലുകൾക്കെതിരെ പൊലീസ്‌ കേസെടുത്തു.

പരാതിക്കാരിയെ സ്വാധീനിക്കാൻ ഇടനിലക്കാരിയും

എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയിൽനിന്ന്‌ പണം സ്വീകരിച്ച്‌ കേസ്‌ ഒത്തുതീർക്കണമെന്ന്‌ നിരവധി കേസുകളിൽ പ്രതിയായ യുവതി ആവശ്യപ്പെട്ടുവെന്ന്‌ പരാതിക്കാരി. ഹണിട്രാപ്പിലടക്കം പ്രതിയായ യുവതി കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച്‌ ഇക്കാര്യം ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കേസിലെ ഇരയായ അധ്യാപിക പൊലീസിന്‌ പരാതി നൽകി.
ഓൺലൈൻ മാധ്യമങ്ങൾക്ക്‌ എൽദോസ്‌ രണ്ടുതവണയായി ഒരു ലക്ഷം രൂപ നൽകിയെന്ന്‌ കഴിഞ്ഞ ദിവസം പരാതിക്കാരി ആരോപിച്ചിരുന്നു. ഇത്‌ തനിക്കറിയാമെന്ന്‌ ഫോണിൽ വിളിച്ച സ്ത്രീ പറഞ്ഞു. എംഎൽഎയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഇവർക്ക്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.