ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹ മത്സരം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത

0
66

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹ മത്സരം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത. ബ്രിസ്ബേനില്‍ പെയ്ത കനത്ത മഴ മൂലം മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. ഇതോടെ ലോകകപ്പിന് മുമ്പ് ഒരേയൊരു സന്നാഹ മത്സരം മാത്രം കളിച്ചാകും ഇന്ത്യയും ന്യൂസിലന്‍ഡും സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇറങ്ങുക. 22ന് നടക്കുന്ന ആദ്യ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്ട്രേലിയയാണ് ന്യൂസിലന്‍‍ഡിന്‍റെ എതിരാളികള്‍. 23ന് നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

സൂപ്പര്‍ 12ല്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് പേസര്‍ മുഹമ്മദ് ഷമിക്ക് ആവശ്യമായ മത്സര പരിചയം ഉറപ്പു വരുത്താനായില്ല എന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ആദ്യ സന്നാഹത്തില്‍ ഓസ്ട്രേലിയക്കെതിരെ അവസാന ഓവര്‍ മാത്രമാണ് ഷമി എറിഞ്ഞത്. അതുപോലെ റിഷഭ് പന്തിനെ ടോപ് ഓര്‍ഡറില്‍ പരീക്ഷിച്ചറിയാനും ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ കഴിയുമായിരുന്നു.

നേരത്തെ ഇതേ ഗ്രൗണ്ടില്‍ നടന്ന അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മത്സരവും കനത്ത മഴമൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല. അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി പാക്കിസ്ഥാന്‍റെ ഇന്നിംഗ്സ് 2.2 ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു ബ്രിസ്ബേനില്‍ കനത്ത മഴ എത്തിയത്. പാക് – അഫ്ഗാന്‍ മത്സരം കാണാന്‍ ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്‍റെയും താരങ്ങളും ഗ്രൗണ്ടില്‍ എത്തിയിരുന്നു. മഴ കനത്തതോടെ ഇരു ടീമിലെയും കളിക്കാര്‍ ഗ്രൗണ്ട് വിട്ടു.

പാക്-അഫ്ഗാന്‍ സന്നാഹ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 2.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സിലെത്തി നില്‍ക്കെയാണ് മഴ എത്തിയത്.

ഇന്ത്യ-പാക് പോരാട്ടത്തിനും മഴ ഭീഷണി

23ന് മെല്‍ബണില്‍ നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനും മഴ ഭീഷണിയുണ്ട്. മത്സരദിവസം മഴ പെയ്യാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. ഇതിന് പുറമെ 22ന് സിഡ്നിയില്‍ നടക്കുന്ന ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരവും മഴ ഭീഷണിയുടെ നിഴലിലാണ്.