ലോകകപ്പ് ; മത്സര ടിക്കറ്റുകളുടെ ഓവർ ദ് കൗണ്ടർ വിൽപന തുടങ്ങി

0
43

ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകളുടെ ഓവർ ദ് കൗണ്ടർ വിൽപന തുടങ്ങി. ഇതുവരെ 2.89 ദശലക്ഷം ലോകകപ്പ് ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അധികൃതർ വ്യക്തമാക്കി.വെസ്റ്റ് ബേയിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് ടിക്കറ്റ് വിൽപനയ്ക്കായുള്ള 2 സെന്ററുകളിലെ ആദ്യ സെന്റർ തുറന്നത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയ രാജ്യങ്ങളിൽ ഖത്തർ ആണ് മുൻപിൽ. മൊത്തം വിൽപനയുടെ 37 ശതമാനവും ഖത്തറിലാണ്. രണ്ടാമത് യുഎസ്, മൂന്നാമത് സൗദി എന്നിവയാണ്. ഇംഗ്ലണ്ട്, മെക്സിക്കോ, യുഎഇ, അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.

ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അവസാനഘട്ട വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ അവസാന വട്ട വിൽപന തുടരും. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിന്റെ 8 സ്റ്റേഡിയങ്ങളിലായി ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.