ബാലൺദ്യോ‍‍ർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസേമയ്ക്ക്

0
169

ബാലൺദ്യോ‍‍ർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസേമയ്ക്ക്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിനാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെൻസേമയ്ക്ക് ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലഭിച്ചത്. ബാലൺദ്യോ‍‍ർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. 1998ൽ സിനദിൻ സിദാൻ ബാലൺദ്യോ‍‍ർ പുരസ്കാരം നേടിയതിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫ്രഞ്ച് ഫുട്ബോളറാണ് ബെൻസേമ.

തന്റെ മിന്നുംപ്രകടനത്തിലൂടെ ചാംപ്യൻസ് ലീഗും സ്പാനിഷ് ലീഗും റയലിന് ബെൻസേമ നേടിക്കൊടുത്തിരുന്നു. 46 മത്സരങ്ങളിൽ നിന്നായി 44 ഗോളുകളാണ് ബെൻസേമ നേടിയത്. ആദ്യമായാണ് ബെൻസേമ ബാലൺദ്യോ‍‍ർ പുരസ്കാരം നേടുന്നത്. ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, എര്‍ലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി എന്നിവരും സാധ്യതാ പട്ടികയിൽ ഇടം നേടിയിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് ബെൻസേമ പുരസ്കാരം സ്വന്തമാക്കിയത്. നിലവിലെ ബാലൺദ്യോ‍‍ർ പുരസ്കാര ജേതാവ് ലയണൽ മെസി സാധ്യതാ പട്ടികയിൽ ഇടംനേടിയിരുന്നില്ല. യുവതാരത്തിനുള്ള കോപ്പ ട്രോഫിക്ക് ബാഴ്സലോണയുടെ ​ഗാവി അ​ർഹനായി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ തിബോ കുര്‍ട്ടോ സ്വന്തമാക്കി. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്കാണ് ലഭിച്ചത്.