2021-22 മുതല്‍ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം ലഭിക്കുന്നതിനായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കേന്ദ്രവിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവന്നിരുന്ന രീതികള്‍ മാറ്റണമെന്നും ഫീസിനത്തിലുള്ള തുക ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാരണത്താല്‍ 2021-22 വര്‍ഷം സ്‌കോളര്‍ഷിപ്പ് വിതരണ നടപടികള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ ഇ-ഗ്രാന്റ്‌സില്‍ കാതലായ പുനഃക്രമീകരണ നടപടികള്‍ നടത്തേണ്ടി വരികയും അതുകൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് വിതരണ നടപടികള്‍ അധ്യയന വര്‍ഷത്തിന്റെ അവസാന പാദത്തിലേക്ക് നീളുകയും ചെയ്തു. 2022-23 വര്‍ഷം പട്ടികജാതി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ സജ്ജമാക്കുകയുണ്ടായെങ്കിലും സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സങ്കീര്‍ണമായ പുതിയ സാങ്കേതിക നടപടികള്‍ കൊണ്ടു വരികയുണ്ടായി.
പട്ടികജാതി വിദ്യാര്‍ഥികളില്‍ 2.50 ലക്ഷം രൂപക്കു താഴെ വരുമാനമുള്ളവര്‍ 2022-23 വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ ആദ്യം ”നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍” രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ഐ.ഡി കരസ്ഥമാക്കുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്നുമുള്ള നിബന്ധനയാണ് ആദ്യം കൊണ്ടു വന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായിരുന്നു ഈ പുതിയ സംവിധാനം. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകവേ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രസ്തുത നിബന്ധന പിന്‍വലിക്കുകയും അതിനു വേണ്ടി ഇ-ഗ്രാന്റ്‌സില്‍ സജ്ജമാക്കിയ സംവിധാനങ്ങളെല്ലാം വീണ്ടും പുനഃക്രമീകരിക്കേണ്ടി വരികയും ചെയ്തു.
അതിനെ തുടര്‍ന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍, പബ്‌ളിക് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവയുമായി സ്റ്റേറ്റ് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഇന്റഗ്രേറ്റ് ചെയ്യണമെന്ന പുതിയ നിബന്ധനകളാണ് കേന്ദ്രം നിശ്ചയിച്ചത്. ഈ സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആണ് നല്‍കേണ്ടത്. എന്നാല്‍ എല്ലാ കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും മെല്ലെപ്പോക്കു നയമാണ് ഉണ്ടായിട്ടുള്ളത്. നാഷണല്‍ പോര്‍ട്ടലുമായുള്ള സംയോജനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നാളിതു വരെ സ്റ്റേറ്റ് പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന സി-ഡിറ്റിന് പൂര്‍ണമായി ലഭ്യമാക്കിയിട്ടില്ല.
കേന്ദ്ര വിഹിതം ലഭിക്കേണ്ടതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കാതെ സംസ്ഥാന സര്‍ക്കാരിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ അപേക്ഷ സ്വീകരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. കേരള സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ ആവശ്യമായ സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ ബംഗളുരുവില്‍ ക്ലസ്റ്റര്‍ മീറ്റിംഗ് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിആവശ്യപ്പെട്ടു.