ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും ഉത്തമ ഫലമായ അവക്കാഡോ

0
115

ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും ഉത്തമ ഫലമായ അവക്കാഡോ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന പഴമാണ്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് അവക്കാഡോ.ഇതോടൊപ്പം ചര്‍മ്മത്തിനും തലമുടിക്കും വരെ ഗുണം ചെയ്യുന്ന ഒരു പഴം കൂടിയാണ് അവക്കാഡോ. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു.

അവക്കാഡോയ്ക്ക് എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഒപ്പം അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകൾ മാറ്റാനും ചര്‍മ്മം ചെറുപ്പമാക്കാനും ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇവ സഹായിക്കും.ഇതിനായി ആദ്യം പഴുത്ത അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കാം. ശേഷം ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇവ പരീക്ഷിക്കാം. അതുപോലെ തന്നെ, അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കിയതും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും നല്ലതാണ്.തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് അവക്കാഡോ പഴം കൊണ്ടുള്ള ഹെയര്‍ മാസ്ക്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്.