വോട്ടെടുപ്പിൽ തൊഴിലാളികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്തിലെ 1,000 കോർപ്പറേറ്റ് സ്ഥാപനങ്ങൾ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷനുമായി (EC) കരാറിൽ ഒപ്പുവച്ചു. തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ പങ്കാളിത്തം നിരീക്ഷിക്കുന്നതും അവധി ലഭിച്ചിട്ടും വോട്ടുചെയ്യാത്തവരുടെ പേരുകൾ അവരുടെ വെബ്‌സൈറ്റിലോ ഓഫീസ് നോട്ടീസ് ബോർഡുകളിലോ പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ചുള്ളതാണ് കരാർ.
”തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഞങ്ങളെ സഹായിക്കുന്ന 233 ധാരണാപത്രങ്ങളിൽ ഞങ്ങൾ ഒപ്പുവച്ചു. ഗുജറാത്തിൽ ആദ്യമായി, 1,017 വ്യാവസായിക യൂണിറ്റുകളിൽ നിന്നുള്ള തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം ഞങ്ങൾ നിരീക്ഷിക്കും,” ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) പി ഭാരതി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വ്യക്തിഗത യൂണിറ്റുകളുമായും വ്യവസായ സ്ഥാപനങ്ങളുമായും ധാരണാപത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. കൂടുതൽ പേരുമായി ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള ശ്രമങ്ങൾ വോട്ടെടുപ്പ് ദിവസം വരെ തുടരും. ഈ വർഷം അവസാനമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളോടും പൊതുമേഖലാ യൂണിറ്റുകളോടും 500-ലധികം ജീവനക്കാരുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളോടും വോട്ട് ചെയ്യാത്ത ജീവനക്കാരെ തിരിച്ചറിയാൻ നോഡൽ ഓഫീസർമാരെ നിയമിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജൂണിൽ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
”നൂറോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന ഗുജറാത്തിലെ വ്യവസായ സ്ഥാപനങ്ങളെ നിരീക്ഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഈ യൂണിറ്റുകളിലെ ഹ്യൂമൻ റിസോഴ്‌സ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. അവർ വോട്ട് ചെയ്യാത്ത ജീവനക്കാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അവരുടെ വെബ്സൈറ്റുകളിലോ നോട്ടീസ് ബോർഡുകളിലോ പ്രസിദ്ധീകരിക്കുകയും ചെയ്യും,” ഭാരതി പറഞ്ഞു. അതുപോലെ, വോട്ട് ചെയ്യാത്ത സംസ്ഥാന പൊതുമേഖലാ യൂണിറ്റുകളിലെയും സർക്കാർ വകുപ്പുകളിലെയും ജീവനക്കാരെയും ട്രാക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
”2019 പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ ഏഴ് ജില്ലകളിൽ നാലെണ്ണം മെട്രോപൊളിറ്റൻ നഗരങ്ങളായിരുന്നു. നഗരപ്രദേശങ്ങളിലെ വോട്ടിങ് ശതമാനം പൊതുവെ കുറവാണ്, ഇത് മൊത്തത്തിലുള്ള വോട്ടിങ് ശതമാനത്തെ കുറയ്ക്കുന്നു. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആവേശം സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിനിൽക്കാതെ വോട്ട് ചെയ്യുന്നതിലും കാണിക്കണം. നഗരപ്രദേശങ്ങളിലുള്ളവരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയും അവധി എടുത്ത് അവരെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ഞങ്ങൾ ചെയ്യും,” മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 135 ബി വകുപ്പ് അനുസരിച്ച്, ഏതെങ്കിലും ബിസിനസ്, വ്യാപാരം, വ്യവസായ സ്ഥാപനങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, പാർലമെന്റ് അല്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള എല്ലാ രജിസ്റ്റർ ചെയ്ത വോട്ടർക്കും ഈ ആവശ്യത്തിനായി ശമ്പളത്തോടുകൂടിയ അവധി നൽകണം. 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 25 പ്രകാരം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ വോട്ടെടുപ്പ് ദിവസം എല്ലായ്‌പ്പോഴും ശമ്പളത്തോടുകൂടിയ അവധിയായി പ്രഖ്യാപിക്കാറുണ്ട്.
നിർബന്ധിത വോട്ടിങ്ങിലേക്കുള്ള ചുവടുവയ്പാണോ ഇതെന്ന ചോദ്യത്തിന്, അല്ലെന്നും, വോട്ട് ചെയ്യാത്തവരെ തിരിച്ചറിയാനുള്ള ശ്രമമാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചില വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് വോട്ട് ചെയ്യാനായി മാനേജ്‌മെന്റ് അവധി നൽകുന്നില്ലെന്ന് ഭാരതി പറഞ്ഞു.
തങ്ങളുടെ മിക്ക അംഗങ്ങളും MSME (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നവരാണ്. വോട്ടെടുപ്പ് ദിവസം തൊഴിലാളികൾക്ക് അവധി നൽകാൻ അവർക്ക് കഴിഞ്ഞേക്കില്ലെന്ന് ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജിസിസിഐ) പറഞ്ഞു. ”തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള കരാർ പ്രകാരം, തൊഴിലാളികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. ഞങ്ങൾക്ക് അവധി നൽകാൻ കഴിയില്ല. വോട്ട് ചെയ്യാനായി ഒരു ടൈം സ്ലോട്ട് അനുവദിക്കുകയും ഗതാഗത സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ഈ സൗകര്യം പ്രാദേശിക തൊഴിലാളികൾക്ക് മാത്രമായിരിക്കും,” ജിസിസിഐ പ്രസിഡന്റ് പാതിക് പട്വാരി പറഞ്ഞു.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വോട്ടിങ് ശതമാനം 69 ആയിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 64 ശതമാനമായിരുന്നു. 2017ൽ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ പോളിങ് സ്റ്റേഷനുകൾ കണ്ടെത്തിയതായി സിഇഒ പറഞ്ഞു.
ഒരു പ്രത്യേക പാർട്ടിക്ക് വോട്ടുചെയ്യാൻ തൊഴിലാളികളെ അവരുടെ മാനേജ്‌മെന്റോ ഫാക്ടറി ഉടമകളോ സമ്മർദ്ദത്തിലാക്കുന്നില്ലെന്നും കൃത്രിമം കാണിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണമെന്ന് ഗുജറാത്തിലെ കോൺഗ്രസ് വക്താവ് മനീശ് ദോഷി ആവശ്യപ്പെട്ടു. വോട്ടുചെയ്യാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നത് നല്ല നടപടിയാണ്. എന്നാൽ, കമ്പനി ഉടമകൾ വോട്ട് ചെയ്തില്ലെങ്കിൽ അവരുടെ പേരുകളും കമ്മീഷൻ പ്രസിദ്ധീകരിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.