കേരളത്തിൽ വികസിത രാജ്യങ്ങളിലെ ജീവിതനിലവാരം സാധ്യമാക്കും: എം വി ഗോവിന്ദൻ

0
67
ലോകത്തിന്‌ മാതൃകയായ കേരള മോഡലിനെ മുന്നോട്ടുകൊണ്ടുപോകാൻ പോസിറ്റീവായി ചിന്തിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം എരുമേലി ലോക്കൽ കമ്മിറ്റി ഓഫീസായ ടി പി തൊമ്മി സ്‌മാരക മന്ദിരം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക്‌ ഗുണമേന്മയുള്ള ജീവിതം നൽകുന്ന സംസ്ഥാനമെന്ന്‌ അമർത്യാസെൻ വിശേഷിപ്പിച്ച കേരളം ഒരു മാതൃകയാണ്‌. കേരള മോഡലിനെ മികവോടെ മുന്നോട്ടുകൊണ്ടുപോകാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. അഞ്ചുലക്ഷം പേർക്കുകൂടി ലൈഫ്‌ പദ്ധതിയിൽ വീട്‌ നൽകും.
അതോടെ എല്ലാവർക്കും പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ നിറവേറും. അടുത്ത പ്രശ്‌നം തൊഴിലില്ലായ്‌മയാണ്‌. 29 ലക്ഷം പേർക്ക്‌ തൊഴിൽവേണം. 20 ലക്ഷം പേർക്ക്‌   തൊഴിൽനൽകാനുള്ള പദ്ധതികൾ മുന്നേറുന്നു. പരാമാവധി സംരംഭങ്ങൾതുടങ്ങാൻ അന്തരീക്ഷമൊരുക്കിയും തദ്ദേശസ്ഥാപനങ്ങൾവഴിയും ടൂറിസം വഴിയും തൊഴിലവസരം സൃഷ്ടിച്ച്‌ കൃത്യമായ  ആസൂത്രണത്തിലൂടെ ബാക്കിയുള്ളവർക്കും തൊഴിൽ ലഭ്യമാക്കും. ഇതോടെ വികസിത രാജ്യങ്ങളിലേതിന്‌ സമാനസ്ഥിതിയിൽ കേരളമെത്തും. ഇതെല്ലാം സാധ്യമാകുമോ എന്ന നെഗറ്റീവ്‌ ചിന്തവേണ്ട. കഴിയും എന്ന ആത്മവിശ്വാസത്തിൽ മുന്നേറണം. ആ ചിന്ത തരുന്ന പോസിറ്റീവ്‌ എനർജിയിൽ എല്ലാം സാധ്യമാകും.
 ബിജെപി 2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ മതനിരപേക്ഷ ഇന്ത്യ ഇല്ലാതാവും. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാനാകുമോ എന്ന്‌ സംശയിക്കേണ്ട. ഭിന്നിച്ചുനിൽക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാനായാൽ മതി. അതിന്റെ ഗുണപരമായ സൂചനയാണ്‌ ബീഹാറിൽ കണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.