കുരങ്ങ് വീടുതകർത്തു; പരിഹാരം ആവശ്യപ്പെട്ട് കർഷകന്റെ ആത്മഹത്യാ ഭീഷണി

0
123
a monkey in Kenya

കുരങ്ങു ശല്യത്തിന് പരിഹാരമില്ലാതായിട്ടും വനം വകുപ്പ് ഇടപെടാതെ വന്നപ്പോൾ കർഷക തൊഴിലാളി പെട്രോളും കയറുമായി മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കൽ സ്റ്റാൻലിയാണ് വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധവുമായി മരത്തിൽ കയറിയത്. പെട്രോൾ ദേഹത്തൊഴിച്ച ശേഷം തൂങ്ങി മരിക്കുന്നതിനായി കഴുത്തിൽ കയർ കെട്ടി മരത്തിൽ ബന്ധിച്ച ശേഷമാണ് ഇയാൾ മരച്ചില്ലയിൽ ഇരുന്നത്.

രാവിലെ 8 മണിയോടെ മരത്തിൽ കയറിയ സ്റ്റാൻലിക്ക് വേണ്ടി ജനപ്രതിനിധികൾ കലക്ടറുമായും ഡിഎഫ്‌ഒയുമായും ചർച്ചകൾ നടത്തി. തിങ്കളാഴ്ച കലക്ടറുടെ ചേംബറിൽ വച്ച് ചർച്ച നടത്തി പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താമെന്ന ഉറപ്പിൽ മൂന്ന് മണിക്കൂറിനു ശേഷം സ്റ്റാൻലി താഴെയിറങ്ങി.

കഴിഞ്ഞ ദിവസം വാനരന്മാർ സ്റ്റാൻലിയുടെ വീട്ടിനുള്ളിൽ കയറി എല്ലാ വസ്തുക്കളും ഉപകരണങ്ങളും നശിപ്പിക്കുകയും വൃത്തികേടാക്കുകയും ചെയ്തിരുന്നു. രണ്ട് വർഷം മുൻപും സമാനമായ ആക്രമണം ഉണ്ടായിരുന്നു. അന്ന് ടിവി അടക്കുള്ള ഉപകരണങ്ങൾ നശിപ്പിച്ചിട്ടും വനം വകുപ്പ് നഷ്ടപരിഹാരമായി നൽകിയത് വെറും 3,000 രൂപ മാത്രമാണ്.

വീടിന് സുരക്ഷയൊരുക്കാൻ കമ്പി വല കൊണ്ട് കവചമൊരുക്കാമെന്നും അതിർത്തി പ്രശ്നം പരിഹരിക്കാമെന്നും നഷ്ടപരിഹാരം നൽകാമെന്നും ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഏലപ്പീടിക മേഖലയിൽ കുരങ്ങ് ശല്യം രൂക്ഷമായിട്ട് മൂന്ന് വർഷത്തിൽ അധികമായി ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും വനംവകുപ്പിന് പ്രായോഗിയായ ഒരു മാർഗവും കണ്ടെത്താൻ സാധിച്ചിട്ടില്ല