എന്താണ് ഹരിത പടക്കങ്ങള്‍?

0
222

ദീപാവലിക്കും ഗുരുപൂരബിനും പടക്കം പൊട്ടിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ രണ്ട് മണിക്കൂര്‍ സമയപരിധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സുപ്രീംകോടതിയും കര്‍ശന നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മലിനീകരണ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പഞ്ചാബ് സര്‍ക്കാര്‍ ഉത്സവ സമയത്ത് ഹരിത പടക്കങ്ങള്‍ പൊട്ടിക്കാനാണ് പ്രോത്സാഹനം നല്‍കി വരുന്നത്. ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുന്‍കയ്യെടുത്താണ് ഹരിത പടക്കങ്ങള്‍ക്ക് രാജ്യത്ത് പ്രചാരം നല്‍കുന്നത്.

പഞ്ചാബ് പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ശബ്ദവും മലിനീകരണ തോതും കൂടിയ പടക്കങ്ങള്‍ നിരോധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണു നടപടി. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മിക്കുന്ന ഈ പടക്കങ്ങളുടെ വായു മലിനീകരണ തോത് സാധാരണ പടക്കങ്ങളേക്കാള്‍ 30 % കുറവാണ്.

എന്താണ് ഹരിത പടക്കങ്ങള്‍?

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍), നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച് (എന്‍ഇഇആര്‍ഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണു രാജ്യത്ത് ഹരിത പടക്കങ്ങള്‍ വികസിപ്പിച്ചത്. ജനപ്രിയ ഇനങ്ങളായ മത്താപ്പൂ, കമ്പിത്തിരി, കുടച്ചക്രം, റോക്കറ്റ് തുടങ്ങിയവയുടെ പരിഷ്‌കൃതരൂപം ഹരിത പടക്കങ്ങളില്‍ ലഭ്യമാണ്. ഹരിത പടക്കങ്ങള്‍ പരിസ്ഥിതി സൗഹൃദവും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നതും തര്‍ക്കമറ്റതാണ്. വര്‍ദ്ധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്ത് മാത്രമാണ് അവ നിര്‍മ്മിക്കുന്നത്.

സാധാരണ പടക്കങ്ങളും ഹരിത പടക്കങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?

സാധാരണ പടക്കങ്ങളില്‍ വെടിമരുന്നും മറ്റ് കത്തുന്ന രാസവസ്തുക്കളും അനിയന്ത്രിതമായ അളവില്‍ അടങ്ങിയിട്ടുണ്ട്. അത് കത്തിക്കുമ്പോള്‍ പൊട്ടിത്തെറിയിലൂടടെ വലിയ അളവില്‍ മലിനീകരണം ഉണ്ടാകുന്നു. അതേസമയം, ഹരിത പടക്കങ്ങളില്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ല, വായു മലിനീകരണം കുറവാണ്. അവ പരിസ്ഥിതി സൗഹൃദമാണ്. അതായത്, ഹരിത പടക്കങ്ങള്‍ക്ക് പരമ്പരാഗത പടക്കങ്ങളേക്കാള്‍ മലിനീകരണം കുറവാണ്.

ഹരിത പടക്കങ്ങളില്‍, സാധാരണയായി ഉപയോഗിക്കുന്ന അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാര്‍ബണ്‍ തുടങ്ങിയ മലിനീകരണം ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ അളവ് 15 മുതല്‍ 30% വരെ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് ഹരിത പടക്കം ഉണ്ടാക്കുന്നത്?

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍), നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച് (എന്‍ഇഇആര്‍ഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണ് ഹരിത പടക്കങ്ങള്‍ വികസിപ്പിച്ചത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ മാത്രമേ ഇവ നിര്‍മിച്ചു വില്‍ക്കാനാകൂ. സര്‍ട്ടിഫിക്കറ്റ് നേടിയോ എന്നറിയാന്‍ ഹരിത ലോഗോ, ക്യുആര്‍ കോഡ് എന്നിവ പതിച്ചിട്ടുണ്ടാവും. മലിനീകരണ തോതും ശബ്ദവും കുറഞ്ഞ പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും മാത്രമേ അനുവദിക്കൂവെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് ഹരിത പടക്കങ്ങള്‍ രംഗപ്രവേശം ചെയ്തത്. സേഫ് വാട്ടര്‍ റിലീസര്‍ (SWAS), സേഫ് തെര്‍മൈറ്റ് ക്രാക്കര്‍ (STAR), സേഫ് മിനിമല്‍ അലുമിനിയം (SAFAL) എന്നിങ്ങനെയാണ് പടക്കങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.