ആണവായുധ ഭീഷണി: യുക്രൈനിൽ ആളുകൾ അയോഡിൻ ഗുളികകൾ വാങ്ങിക്കൂട്ടുന്നു, എന്തുകൊണ്ട്?

0
84

ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ- യുക്രൈൻ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നു ആയുധ സഹായം ലഭിച്ചതോടെ യുക്രൈൻ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ഇതോടെ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന ഭയവും നാൾക്കുനാൾ വർധിച്ചുവരുന്നു. ഒളിഞ്ഞും, തെളിഞ്ഞും റഷ്യയും ആണവായുധ ഭീഷണി മഴുക്കുന്നുമുണ്ട്.

ആണവായുധ ഭീതി വർധിച്ചതോടെ യുക്രൈനിൽ അയോഡിൻ ഗുളികകൾക്കുള്ള ഡിമാൻഡ് കുത്തനെ വർധിച്ചിരിക്കുകയാണെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആണവ അപകടമുണ്ടായാൽ പൗരൻമാർക്ക് പൊട്ടാസ്യം അയഡൈഡ് ഗുളികകൾ വിതരണം ചെയ്യാൻ ആരോഗ്യ വിദഗ്ധർ നിർദേശിച്ചതായി കീവ് സിറ്റി കൗൺസിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നു സിറ്റിയിലെ എല്ലാ ഫാർമസികളിലും അയോഡിൻ ഗുളികകൾ ലഭ്യമാക്കിയിട്ടുമുണ്ട്.

മറ്റു മേഖലകളിലും ഡിമാൻഡ് കൂടുന്നു

യൂറോപ്പിലെ ചില രാജ്യങ്ങളും ഇതിനകം തന്നെ ഗുളികകൾ സംഭരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഫിൻലാന്റിലെ ഫാർമസികളിൽ ഗുളികകളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. രാജ്യത്തെ ആരോഗ്യ മന്ത്രാലയം അടിയന്തിര സാഹചര്യങ്ങൾക്കായി എല്ലാവരും ഒരു ഡോസ് എങ്കിലും വാങ്ങാൻ നിർദേശിച്ചതാണ് ഇതിനു കാരണം.

റഷ്യ ആണവായുധം പ്രയോഗിച്ചാൽ അതിന്റെ പ്രത്യാഘാതം യുക്രൈനിൽ മാത്രം ഒതുങ്ങില്ലെന്നാണു വിലയിരുത്തൽ. ലോകം ഭയക്കുന്ന ആണവായുധങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഈ പൊട്ടാസ്യം അയോഡിൻ ഗുളികകൾക്ക് ഉണ്ടോ എന്നാകും നിങ്ങളിപ്പോൾ ചിന്തിക്കുന്നതല്ലേ? എന്നാൽ വിദഗ്ധരുടെ വശം അറിയാൻ വായന തുടർന്നോളൂ…

അയോഡിൻ എന്ന ഭീകരൻ

പൊട്ടാസ്യം അയോഡൈഡ്, അല്ലെങ്കിൽ കെഐ ആണവ ആക്രമണങ്ങൾക്കെതിരേ ഒരു സംരക്ഷണം നൽകുമെന്നാണു പഠനങ്ങൾ പറയുന്നത്. ഇത് തൈറോയിഡിനെ (കഴുത്തിലെ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി) ആണവ അപകടങ്ങൾ ഉണ്ടാകുമ്പോൾ പുറന്തള്ളപ്പെടുന്ന റേഡിയോ ആക്ടീവ് അയഡിൻ എടുക്കുന്നതിൽ നിന്ന് തടയും.

റേഡിയോ ആക്ടീവ് മെറ്റീരിയൽ ശരീരത്തിൽ പ്രവേശിച്ചാൽ തൈറോയ്ഡ് ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾക്കാണ് ഇത്തരം മെ്റ്റീരിയലുകൾ കൂടുതൽ തിരിച്ചടിയാകുക. അയോഡിൻ ഗുളികകൾ തൈറോയ്ഡ് ഗ്രന്ഥിയിൽ നല്ല അയോഡിന്റെ സ്ഥിരമായ പതിപ്പിന് കാരണമാകും. അതിനാൽ റേഡിയോ ആക്ടീവ് മെറ്റീരിയലിന് ഉള്ളിൽ പ്രവേശിക്കാൻ കഴിയില്ല. വിലക്കുറഞ്ഞ പരിരക്ഷ എന്ന നിലയിൽ യുഎസ് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഗുളികകൾ ഉപയോഗിക്കുന്നുണ്ട്.

സംരക്ഷണം ഭാഗികം മാത്രം

ഒരു ആണവ അപകടം ഉണ്ടാകുമ്പോൾ തൈറോയിഡിനെ മാത്രമല്ല ബാധിക്കുന്നത്. ശരീരത്തിന്റെ മറ്റു വിവിധ അവയവങ്ങളെയും ബാധിക്കും. എന്നാൽ പൊട്ടാസ്യം അയഡിഡ് മറ്റ് തരത്തിലുള്ള റേഡിയോ ആക്ടീവ് ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നില്ല. അതിനാൽ തന്നെ ഈ ഗുളികകളുടെ ഉപയോഗം ആണവ ഭീഷണിയിൽ നിന്നു മൊത്തമായ സംരക്ഷണം നൽകുന്നില്ല.

ആണവ ഭീഷണി സമയത്തിനോട് അടുത്ത് മാത്രമേ പൊട്ടാസ്യം അയഡൈഡ് എടുക്കാൻ പാടുള്ളൂവെന്നും, അങ്ങനെയെങ്കിൽ അത് മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ആരോഗ്യ അധികാരികൾ മുന്നറിയിപ്പ് നൽകുന്നു. ആവശ്യമില്ലാലെ ഗുളികകൾ എടുക്കരുതെന്നു സാരം.

ആണവ ഭീഷണി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭീഷണികൾ മാത്രമല്ല യുക്രൈൻ നേരിടുന്നത്. സപ്പോരിജിയ ആണവ നിലയം നേരിടുന്ന തുടർച്ചയായ പവർ കട്ടുകളും ആശങ്കയ്ക്കു കാരണമാണ്. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ റഷ്യൻ സൈന്യം പ്ലാന്റ് കൈവശപ്പെടുത്തിയത് മുതൽ ആണവ ദുരന്തത്തെക്കുറിച്ചുള്ള ആശങ്ക ശക്തമാണ്.

1986-ൽ ചെർണോബിലിൽ ഉണ്ടായതുപോലുള്ള ഒരു ദുരന്തത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ, അവസാന റിയാക്ടറും പവർ ഓഫ് ചെയ്യാൻ യുക്രൈനിയൻ അധികാരികൾ ആഴ്ചകൾക്ക് മുമ്പ് തീരുമാനിച്ചിരുന്നു. എന്നാൽ റിയാക്ടറിന്റെ കോറും, ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനവും തണ്ണുപ്പിക്കേണ്ടതുണ്ട്. പവർകട്ടുകൾ ഭീഷണി ഉയർത്തുന്നത് ഇവിടെയാണ്.