Wednesday
17 December 2025
31.8 C
Kerala
HomeHealthശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ശബരിമലയില്‍ കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കും. കോവിഡാനന്തര രോഗങ്ങള്‍ കൂടി മുന്നില്‍കണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കത്തക്ക വിധമാണ് ക്രമീകരണങ്ങളൊരുക്കുന്നത്. കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ ജീവന്‍ രക്ഷാ പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ശബരിമലയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളായ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതാണ്. അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്താന്‍ നോഡല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഡോക്ടര്‍മാരേയും പാരമെഡിക്കല്‍ സ്റ്റാഫുകളേയും സമയബന്ധിതമായി നിയമിക്കേണ്ടതാണ്. മരുന്നുകളും സാമഗ്രികളും എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം മതിയായ ആംബുലന്‍സ് സേവനങ്ങളും ലഭ്യമാക്കും.

കോന്നി മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങും. കൂടാതെ തീര്‍ത്ഥാടന കാലയളവില്‍ റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പ്രത്യേക ശബരിമല വാര്‍ഡ് തുടങ്ങുന്നതാണ്. കാളകെട്ടിയില്‍ 24 മണിക്കൂറും മെഡിക്കല്‍ ടീമിനെ നിയോഗിക്കും. എരുമേലിയില്‍ മൊബൈല്‍ ടീമിനെ സജ്ജമാക്കും. എരുമേലിയില്‍ കാര്‍ഡിയാക് ഐസിയു സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്ഥലങ്ങളിലായി സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. വിവിധ ഭാഷകളില്‍ ആരോഗ്യ അവബോധം നല്‍കുന്നതാണ്.

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കും. പമ്പയിലും സന്നിധാനത്തും താത്ക്കാലിക ഭക്ഷ്യ സുരക്ഷാ ലാബുകള്‍ സ്ഥാപിക്കും. വെള്ളം, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയുടെ പരിശോധന ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആയുഷ് വിഭാഗങ്ങളും തീര്‍ത്ഥാടകര്‍ക്ക് സേവനം ഉറപ്പാക്കും. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കണം. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് കൊതുകുനിവാരണത്തിന് വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഫുഡ് സേഫ്റ്റി കമ്മീഷണര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ശബരിമല നോഡല്‍ ഓഫീസര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആയുര്‍വേദം, ഹോമിയോ, ഐഎസ്എം, എസ്.എച്ച്.എ., കെ.എം.എസ്.സി.എല്‍., കോന്നി, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments