പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനാകുന്ന സലാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

0
89

കെജിഎഫിന്റെ ഗംഭീര വിജയത്തിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സലാറിനെ കാത്തിരിക്കുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നതാണ് സവിശേഷത. ഇപ്പോള്‍ ഇതാ പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ്.

വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തീക്ഷ്ണതയുള്ള നോട്ടവും ഗൗരവം കലര്‍ന്ന മുഖഭാവവുമായി നില്‍ക്കുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പ്രഭാസിന്റെ നായക കഥാപാത്രത്തോളം പ്രധാന്യമുള്ള വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുക.

‘തുല്യ പ്രാധാന്യമുള്ളതോ മുഖ്യ കഥാപാത്രമോ, കലാപരമായതോ വാണിജ്യപരമായതോ, അങ്ങനെ എന്തുമാകട്ടെ പൃഥ്വിരാജ് എല്ലായ്‌പ്പോഴും മികച്ചു നില്‍ക്കും. എല്ലാത്തില്‍ നിന്നും വ്യത്യസ്തനായ പൃഥ്വിരാജിന് ജന്മദിനാശംസകള്‍’. ഹൊംബാലെ ഫിലിംസ് ട്വിറ്ററില്‍ കുറിച്ചു.

പൃഥ്വിരാജും സലാറിലുണ്ടെന്നും ചിത്രത്തിന്റെ ഭാഗമായി അദ്ദേഹത്തെ ലഭിച്ചതില്‍ ഞങ്ങള്‍ വളരെ ഭാഗ്യവാന്മാരാണെന്നും പ്രഭാസ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ അദ്ദേഹം സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രഭാസിന്റെ വാക്കുകള്‍.

പൃഥ്വിരാജിനെ പോലൊരു സൂപ്പര്‍ സ്റ്റാര്‍ സിനിമയിലുണ്ട് എന്നത് തികച്ചും സന്തോഷകരമാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു. ഇതിലും മികച്ച ഒരു വരദരാജ മന്നാര്‍ ഉണ്ടാകില്ലായിരുന്നു. സിനിമയില്‍ ഇത്രയും വലിയൊരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ച രീതി അത് സാധൂകരിക്കുന്നു. ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയതിനാല്‍ പൃഥ്വിരാജിന് വലിയ ആരാധകവൃന്ദമുണ്ട്. അദ്ദേഹം സ്‌ക്രീനില്‍ ഇത്രയും വലിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടും. പൃഥ്വിരാജിനെയും പ്രഭാസിനെയും പോലെയുള്ള രണ്ട് മഹാനടന്മാരെ ഒന്നിച്ച് സിനിമയില്‍ സംവിധാനം ചെയ്തത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു എന്നും പ്രശാന്ത് നീല്‍ വ്യക്താമാക്കി.

പ്രഭാസിനൊപ്പം ശ്രുതി ഹാസന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും സലാറിനുണ്ട്. ആധ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. സിനിമയില്‍ തനിക്ക് ആക്ഷന്‍ സീക്വന്‍സുകളൊന്നുമില്ലെന്ന് താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ജഗപതി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2023 സെപ്തംബര്‍ 28ന് സലാര്‍ തിയേറ്ററുകളില്‍ എത്തും.