Monday
12 January 2026
20.8 C
Kerala
HomeKeralaകോവിഡ് കുറഞ്ഞെങ്കിലും പ്രതിരോധത്തിൽ വീഴ്ച പാടില്ല: മന്ത്രി വീണാ ജോർജ്

കോവിഡ് കുറഞ്ഞെങ്കിലും പ്രതിരോധത്തിൽ വീഴ്ച പാടില്ല: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകൽ പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാർഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ വർഷവും ഒക്ടോബർ 15 അന്താരാഷ്ട്ര കൈകഴുകൽ ദിനമായി ആചരിച്ചു വരുന്നു. ‘കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവത്ക്കരണ പ്രവർത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അംഗൻവാടികളിലും സ്‌കൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നു.

കൈകഴുകാം രോഗങ്ങളെ തടയാം

കൊവിഡിന് പുറമെ ജലജന്യ രോഗങ്ങളായ വയറിളക്കം, ഇ-കോളി, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ&ഇ, നോറോ വൈറസ് തുടങ്ങിയവ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, വിരകൾ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ കൈകഴുകലിന് വലിയ പങ്കുണ്ട്. കൈകൾ സ്ഥിരമായി കഴുകുന്നതിലൂടെ വയറിളക്കം മൂലം രോഗബാധിതരാകുന്ന ആളുകളുടെ ശതമാനം 23 മുതൽ 40 വരെയും ശ്വാസകോശ രോഗങ്ങൾ 16 മുതൽ 25 ശതമാനം വരെയും കുട്ടികളിലെ ഉദരരോഗങ്ങൾ 29 മുതൽ 57 ശതമാനം വരെയും കുറയ്ക്കാം. ലോകത്ത് ഏകദേശം 1.8 മില്യൺ കുട്ടികൾ വയറിളക്കവും ന്യുമോണിയയും മൂലം മരിക്കുന്നു. കൈകൾ ശുചിയാക്കുന്നത് മൂന്നിലൊന്ന് കുട്ടികളെ വയറിളക്കത്തിൽ നിന്നും അഞ്ചിലൊന്ന് കുട്ടികളെ ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

സോപ്പുപയോഗിച്ച് കൈ കഴുകണം

വെള്ളം കൊണ്ട് മാത്രം കഴുകിയാൽ കൈകൾ ശുദ്ധമാകുകയില്ല. അതിനാൽ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാർഗം.

നിർബന്ധമായും കൈകൾ കഴുകേണ്ടത് എപ്പോഴെല്ലാം ?

ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും, ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും, യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോൾ, രോഗികളെ പരിചരിക്കുന്നതിനു മുൻപും ശേഷവും, മുറിവുണ്ടായാൽ അത് പരിചരിക്കുന്നതിനു മുൻപും ശേഷവും, കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പർ മാറ്റിയ ശേഷം, മലമൂത്ര വിസർജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിനു ശേഷം, ശുചിമുറി ഉപയോഗിച്ചതിനു ശേഷം, മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം എന്നിവ കൈകാര്യം ചെയ്തതിന് ശേഷം, മാലിന്യങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം, കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം ഇങ്ങനെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകുന്നതിലൂടെ രോഗ പ്രതിരോധം ശക്തമാക്കാനാകും.

RELATED ARTICLES

Most Popular

Recent Comments