ക്വട്ടേഷന്‍, യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ആട്ടി ഷാഹുല്‍ പിടിയില്‍

0
68

കക്കോടിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (31) നെയാണ് കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 11-ന് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നിന്നും ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ധിച്ച് എടവണ്ണ പാറയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

നേരത്ത, കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും കേസില്‍ പോലീസ് പിടികൂടിയിരുന്നു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാള്‍ വിദേശത്തേക്ക് കടക്കുകയും ഷാഹുല്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഷാഹുല്‍ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്.

സുഹൃത്തും നിരവധി മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ നുബിന്‍ അശോകിനൊപ്പം രഹസ്യ സങ്കേതത്തില്‍ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും ഉണ്ടായിരുന്നു. ഇവരുടെ പരാതിയില്‍ ആക്രമിച്ച സംഘത്തെ പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. നുബിന്‍ അശോകിനെ ഫറോക്ക് പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് നിരവധി വാറണ്ട് നിലവിലുണ്ട്.

സുഹൃത്തിന്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ക്വട്ടേഷന്‍ എന്നാണ് ഷാഹുല്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. ക്വട്ടേഷന്‍ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റാളുകള്‍ ഉള്ളതിനാല്‍ പരാജയപ്പെടുകയായിരുന്നെന്നും പോലീസിനോട് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, അര്‍ജുന്‍ എ.കെ, രാകേഷ് ചൈതന്യം, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സജി.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ് നന്മണ്ട, ശ്രീരാഗ് എസ് എന്നിവരായിരുന്നു.