സിപിഐ പാർടി കോൺഗ്രസ്‌ ; മഹാറാലിയോടെ ഉജ്വല തുടക്കം ; പ്രതിനിധി സമ്മേളനം ഇന്നുമുതൽ

0
101

സിപിഐ 24–-ാം പാർടി കോൺഗ്രസിന്‌ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഉജ്വല തുടക്കം. ബിആർടിഎസ് റോഡ് ചത്വരത്തിൽനിന്ന്‌ തുടങ്ങിയ ലക്ഷംപേർ അണിനിരന്ന വമ്പൻ പ്രകടനം നഗരത്തെ ചുവപ്പണിയിച്ചു. 24 ചെങ്കൊടികളുമായി വനിതാ വളന്റിയർമാർ ആദ്യം നീങ്ങി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായ കെ നാരായണ, പല്ലബ്സെൻ ഗുപ്ത, അമർജിത് കൗർ, ആന്ധ്ര സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ തുടങ്ങിയവർ നയിച്ചു. ആന്ധ്രയ്‌ക്ക്‌ പുറമേ തെലങ്കാനയിൽനിന്നുള്ള പ്രവർത്തകരും അണിചേർന്നു. സി നാഗേശ്വരറാവു നഗറിൽ (എംബി സ്‌റ്റേഡിയം) പൊതുസമ്മേളനം ഡി രാജ ഉദ്‌ഘാടനം ചെയ്‌തു.

കനത്ത മഴയെത്തുടർന്ന്‌ കാര്യപരിപാടികൾ അവസാനിപ്പിച്ചു. തുടർന്ന്‌ പ്രജന നാട്യമണ്ഡലി പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി. പ്രതിനിധി സമ്മേളനം ഗുരുദാസ്‌ ദാസ്‌ ഗുപ്‌ത നഗറിൽ (എസ്‌എസ്‌ കൺവൻഷൻ സെന്റർ) ശനിയാഴ്‌ച തുടക്കമാകും. പ്രവർത്തന റിപ്പോർട്ട്‌, കരട്‌ രാഷ്‌ട്രീയ പ്രമേയം, രാഷ്‌ട്രീയ അവലോകന റിപ്പോർട്ട്‌ എന്നിവ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 900 പ്രതിനിധികൾക്ക്‌ പുറമേ 16 വിദേശരാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർടികളെ പ്രതിനിധാനംചെയ്‌ത്‌ 30 പേരും പങ്കെടുക്കുന്നുണ്ട്‌.